ജയ്പൂർ: ഐപിഎൽ റെക്കോർഡ് ബുക്കിൽ മലയാളി പയ്യന്റെ പേരെഴുതി ചേർത്ത് രാജസ്ഥാൻ നായകൻ. ഇന്ത്യന്‍ പ്രീമിയർ ലീഗില്‍ 4,000 റണ്‍സ് പിന്നിട്ട ഇതിഹാ ബാറ്റർമാരുടെ പട്ടികയിലാണ് ഈ അന്തപുരിക്കാരനും ഇടംപിടിച്ചത്. സ്ട്രൈക്ക് റേറ്റിലും സഞ്ജു മുൻപന്തിയിലാണ്. ആർ.സി.ബിക്കെതിരായ മത്സരത്തിൽ യഷ് ദയാലിനെതിരെ നേടിയ ഇന്നിംഗ്സിലെ ആദ്യ ബൗണ്ടറിയാണ് സഞ്ജുവിനെ നേട്ടത്തിലെത്തിച്ചത്.
ഇതുവരെ 16 പേരാണ് ഐപിഎല്ലിൽ നാലായിരം റൺസ് കടന്നത്. സ്ട്രൈക്ക് റേറ്റിൽ സാംസണ് മുന്നിലുള്ളത് മൂന്നുപേരാണ്. ഇതിഹാസ താരങ്ങളായ എ.ബി ഡിവില്ലിയേഴ്സ് (151.68), ക്രിസ് ഗെയ്ല് (148.96), ഡേവിഡ് വാർണർ (140) എന്നിവരാണ് സഞ്ജുവിന് മുന്നിലുള്ളത്.
136-ാമത്തെ മത്സരത്തിലാണ് സഞ്ജു സുവർണ നേട്ടം സ്വന്തമാക്കിയത്. 21 അർദ്ധ സെഞ്ച്വറികളും മൂന്നു സെഞ്ച്വറികളും സാംസന്റെ പേരിലുണ്ട്. 4100 റൺസുള്ള ആർ.സി.ബി നായകൻ ഫാഫ് ഡുപ്ലെസിയാണ് സഞ്ജുവിന് മുന്നിലുള്ള താരം. രാജസ്ഥാൻ റോയൽസിനായി മൂവായിരത്തിലധികം റൺസ് നേടിയ താരവും സഞ്ജു സാംസൺ തന്നെയാണ്. 2024 ആദ്യ മത്സരത്തിൽ 82 റൺസ് നേടിയ താരം ഇന്ന് 69 റൺസ് നേടിയാണ് പുറത്തായത്.