കൈലാസനാഥന്റെ കോപത്താൽ വേദനിക്കുന്ന നൽക്കീരന് ഭഗവാന്റെ അനുഗ്രഹം ലഭിക്കുന്ന ലീലയാണ് ഇത്. ശിവനേത്രാഗ്നിയുടെ ചൂടേറ്റപ്പോൾ പരവശനായ നൽക്കീരൻ ജലത്തിൽ പൊങ്ങിയും മുങ്ങിയും കരഞ്ഞു കൊണ്ടിരുന്നു. മറ്റ് സംഘ കവികളെ ഇത് വേദനിപ്പിച്ചു. അവർക്ക് സുഖം നൽകുന്ന കാര്യങ്ങളിൽ യാതൊരു താല്പര്യവുമില്ലാതെയായി. അതുകൊണ്ട് ശ്രീ പരമേശ്വരൻ അനുഗ്രഹിച്ച് പ്രദാനം ചെയ്ത ദിവ്യ ഫലകത്തിൽ ഇരിക്കുവാനും വൈമനസ്യം ഉണ്ടായി. അവർ രാപ്പകൽ നൽക്കീരൻ ചെയ്തതിനെ കുറിച്ച് ചിന്തിച്ചു. ഭഗവാൻ തന്നെയാണ് ആശ്രയം എന്ന ചിന്ത അവർക്ക് ഉണ്ടായി. ആശ്രയിക്കുന്നവർക്ക് അനുഗ്രഹം പ്രദാനം ചെയ്യുന്ന ഹാലാസ്യനാഥനെ ദർശിച്ച് പ്രണമിക്കുകയും സ്തുതിക്കുകയും ചെയ്തു. അനന്തരം ഇങ്ങനെ പ്രാർത്ഥിച്ചു.
“പരമേശ്വര അങ്ങയുടെ പ്രസാദത്താൽ ഞങ്ങൾക്ക് ലഭിച്ചതാണ് ദിവ്യപലക.. ഞങ്ങൾ എല്ലാവരും അതിൽ ഇരുന്നുകൊണ്ടാണ് അങ്ങയെ സേവിച്ചത് ഇപ്പോൾ ഞങ്ങളുടെ കൂടെ നൽകീരൻ ഇല്ല, അതുകൊണ്ട് ഞങ്ങൾക്ക് വളരെ ദുഃഖഭാരം ഉണ്ട്. ചന്ദ്രൻ ഇല്ലാത്ത രാത്രി പോലെയാണ് നൽക്കീരൻ ഇല്ലാത്ത സഭ. വിശ്വനാഥാ…!!! അജ്ഞാനം കൊണ്ട് അദ്ദേഹം ചെയ്ത തെറ്റ് ക്ഷമിച്ച് രക്ഷിക്കേണമേ. ഹേമ പത്മാകാരത്തിൽ മുങ്ങിയും പൊങ്ങിയും വിവശനായ നൽക്കീരൻ അങ്ങയുടെ പ്രീതിക്ക് വേണ്ടി ഒരു സ്തോത്രം രചിച്ചിട്ടുണ്ട്. ആ സ്തോത്രം ശ്രവിച്ച് നൽക്കീരന്നെ അനുഗ്രഹിക്കേണമേ.”
ഈ അപേക്ഷ സുന്ദരേശ ഭഗവാൻ സ്വീകരിച്ചു.. മീനാക്ഷി ദേവിയോടൊപ്പം സുന്ദരേശ ഭഗവാൻ ഹേമ പദ്മിനീ തീർത്ഥത്തിൽ എത്തി. നൽക്കീരൻ രചിച്ച സ്തോത്രം സഹർഷം ശ്രവിച്ചു. മൃത്യുഞ്ജയനായ ഭഗവാൻ അദ്ദേഹത്തെ രണ്ട് കൈകളിലും പിടിച്ച വെള്ളത്തിൽ നിന്ന് കരയിലേക്ക് കയറ്റി. ഭഗവാന്റെ കരസ്പർശം ഉണ്ടായപ്പോൾ തന്നെ അദ്ദേഹത്തിന്റെ ചൂട് ശമിക്കുകയും സ്വസ്ഥത കൈവരിക്കുകയും ചെയ്തു. എല്ലാ കവികളും കൂടി സാമ്പസദാശിവനെ സ്തുതിച്ചു. ആനന്ദമൂർത്തിയായ ഭഗവാൻ അവരോട് ഇങ്ങനെ അരുളി.
സംഘമണ്ഡപത്തിലുള്ള വിദ്യാപീഠത്തിൽ ഒന്നിച്ച് ഇരുന്ന്, പണ്ട് ചെയ്തിരുന്നതുപോലെ സ്വകർമ്മങ്ങൾ ചെയ്യുക. വളരെ കാലം സസുഖം ജീവിച്ചതിനുശേഷം അന്ത്യത്തിൽ മോക്ഷം ലഭിക്കും. ഈ അനുഗ്രഹം നൽകിയതിനു ശേഷം അംബാസമേതനായ മഹാദേവൻ അപ്രത്യക്ഷനായി. ഹാലാസ്യനാഥന്റെ അനുഗ്രഹം സിദ്ധിച്ച സംഘ കവികൾ സസന്തോഷം ജീവിതം നയിച്ചു.
ഇഹലോകസുഖവും പരലോകസുഖവും പ്രദാനം ചെയ്യുന്നതാണ് ഈ ലീല.
അടുത്ത ഹാലാസ്യമഹാത്മ്യം 54 – നല്‍കീരന് ദ്രാവിഡ സൂത്രോപദേശം..
അവലംബം-വ്യാസദേവൻ രചിച്ച സ്‌കന്ദപുരാണത്തിലെ അഗസ്ത്യസംഹിത അടിസ്ഥാനമാക്കി ശ്രീ ചാത്തുക്കുട്ടി മന്നാടിയാർ രചിച്ച ഹാലാസ്യ മാഹത്മ്യം കിളിപ്പാട്ട്.
കെ രാധാമണി തമ്പുരാട്ടി
ഫോൺ 8281179936
ആലപ്പുഴ സനാതന ധർമ്മ വിദ്യാലയത്തിൽ അധ്യാപികയായിരുന്നു ലേഖിക . ഔദ്യോഗിക രംഗത്തു നിന്ന് വിരമിച്ച ശേഷം ആധ്യാത്മിക രചനകൾ നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു .
ശിവാവതാരങ്ങൾ, ശിവകഥാമൃതം, (ഡി സി ബുക്സ്), ശിവജ്ഞാനാമൃതം, ശിവസ്തോത്രമാല, ശിവമഹാസ്തോത്രവും ശിവസഹസ്രനാമവും (കേരളാ ബുക്ക് ട്രസ്റ്റ് കോഴിക്കോട്), ശിവപുരാണ സംഗ്രഹം (ഗുരുവായൂർ ദേവസ്വം),വൈശാഖ മാഹാത്മ്യം (തീരഭൂമി ബുക്സ് ), എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് ..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഹാലസ്യ മാഹാത്മ്യത്തിന്റെ എല്ലാ ലേഖനങ്ങളും പ്രസിദ്ധീകരിക്കുന്ന മുറക്ക് ക്രമമായി ലഭിക്കും















