ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസിന് തിരിച്ചടിയുണ്ടായാൽ രാഹുൽ രാഷ്‌ട്രീയത്തിൽ നിന്ന് മാറിനിൽക്കണമെന്ന് രാഷ്‌ട്രീയ തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. പി.ടി.ഐയ്‌ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കഴിഞ്ഞ പത്തുവർഷമായി പാർട്ടിയെ പരിതാപകരമായി നയിച്ചിട്ടും മാറി നിൽക്കാനോ അവസരം മറ്റാർക്കും കൈമാറാനോ രാഹുൽ തയാറാവുന്നില്ല. ജനാധിപത്യ വിരുദ്ധമായ കാര്യമാണിത്. അദ്ധ്യക്ഷൻ ഖാർഗെ ആണെങ്കിലും കോൺഗ്രസിന്റെ തീരുമാനങ്ങൾ കൈകൊള്ളുന്നത് രാഹുലാണെന്ന് പരോക്ഷമായി വ്യക്തമാക്കിയായിരുന്നു പ്രശാന്ത് കിഷോറിന്റെ കമന്റ്.
‘കഴിഞ്ഞ 10 വർഷമായി വിജയവും, എന്തിനേറെ ഒരു പുരോഗതിയുമില്ലാതെ ഒരേ ജോലി ചെയ്യുമ്പോൾ, ഒരു ഇടവേള എടുക്കുന്നതിൽ തെറ്റില്ല. വരുന്ന അഞ്ചുവർഷത്തേക്കെങ്കിലും നിങ്ങൾ അതിന് തയാറാകണം. നിങ്ങളുടെ മാതാവ് അത് ചെയ്തിട്ടുണ്ട്. ഭർത്താവ് രാജീവ് ഗാന്ധിയുടെ കൊലപാതകത്തെത്തുടർന്ന് അവർ രാഷ്‌ട്രീയത്തിൽ നിന്ന് മാറി നിൽക്കുകയും പകരം ചുമതല പിവി നരസിംഹ റാവുവിനെ ഏൽപ്പിച്ചിരുന്നു ഇക്കാര്യമാണ് അദ്ദേഹം ഓർമിപ്പിച്ചത്.
മികച്ച ലോകനേതാക്കളുടെ സവിശേഷത അവർ കുറവുകൾ കണ്ടെത്തുകയും, അത് പരിഹരിച്ച് മുന്നോട്ട് പോകാൻ ശ്രമിക്കുകയും ചെയ്യുമെന്നതാണ്. ഇവിടെ രാഹുൽ വിചാരിക്കുന്നത് തനിക്ക് എല്ലാം അറിയാമെന്നാണ്. നിങ്ങൾക്ക് സഹായം വേണമെന്നുള്ള കാര്യം നിങ്ങൾ മനസിലാക്കിയില്ലെങ്കിൽ ആർക്കും നിങ്ങളെ സഹായിക്കാനാകില്ല.
തനിക്ക് ശരിയെന്ന് തോന്നുന്നത് നടപ്പിലാക്കാൻ കഴിയുന്ന ഒരാളെയാണ് തനിക്ക് ആവശ്യമെന്നാണ് രാഹുൽ വിശ്വസിക്കുന്നത്. എന്നാൽ അത് സാദ്ധ്യമല്ല “-.2019 ലെ തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ അദ്ധ്യക്ഷ സ്ഥാനം രാജിവച്ച് മറ്റൊരാളെ ചുമതലയേൽപ്പിക്കുമെന്ന് അദ്ദേഹം എഴുതിയിരുന്നു. എന്നാൽ ഇതിന് വിപരീതമായാണ് ഇപ്പോൾ അദ്ദേഹം പ്രവർത്തിക്കുന്നത്. പല കോൺഗ്രസ് നേതാക്കളും ഇക്കാര്യം രഹസ്യമായി സമ്മതിക്കുന്നുണ്ട്. അവർക്കൊന്നും പാർട്ടിയിൽ സ്വതന്ത്ര തീരുമാനം എടുക്കാൻ സാധിക്കുന്നില്ല”- പ്രശാന്ത് കിഷോർ പറഞ്ഞു.