സ്വന്തം കാണികൾക്ക് മുന്നിൽ ലക്‌നൗവിനെ ടൈറ്റാക്കി ഗുജറാത്ത് ടൈറ്റൻസ്. കൃത്യമായ ബൗളിംഗ് റോട്ടേഷനും ഫീൾഡ് പ്ലെയ്‌സ്‌മെന്റുകളും നടത്തിയ ഗില്ലിന്റെ നായക പാടവമാണ് ലക്നൗവിനെ പിടിച്ചുനിർത്തിയത്. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ലക്‌നൗ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 163 റൺസെടുക്കാനേ കഴിഞ്ഞുള്ളു. മാർകസ് സ്റ്റോയിനസാണ് ലക്‌നൗവിന്റെ ടോപ് സ്‌കോറർ.
ആദ്യ ഓവറിൽ തന്നെ സന്തോഷിച്ചും ദുഃഖിച്ചുമായിരുന്നു ലക്നൗവിന്റെ തുടക്കം. ആദ്യ പന്തിൽ സിക്‌സ് അടിച്ച ഡികോക്ക് രണ്ടാം പന്തിൽ പുറത്തായി. ആറ് റൺസെടുത്ത താരത്തെ ഉമേഷ് യാദവാണ് മടക്കിയത്. പിന്നാലെ വൺഡൗണായി ക്രീസിലെത്തിയ ദേവ്ദത്ത് പടിക്കലും(7) മികച്ച പ്രകടനം കാഴ്ചവയ്‌ക്കാനാവാതെ പുറത്തായി. ഉമേഷ് യാദവിനായിരുന്നു വിക്കറ്റ്. തുടർന്ന് ക്രീസിലൊരുമിച്ച മാർക്കസ് സ്റ്റോയിനസ് (58) കെ.എൽ രാഹുൽ(33) സഖ്യമാണ് ലക്‌നൗവിന്റെ സ്‌കോർ ബോർഡ് ചലിപ്പിച്ചത്. ഇരുവരെയും വീഴ്‌ത്തി യുവതാരം ദർശൻ നൽകണ്ഠേ ഗുജറാത്തിന് മേൽക്കൈ നൽകി. ആയുഷ് ബദോനിയാണ്(20) ലക്‌നൗ നിരയിൽ പുറത്തായ മറ്റൊരു താരം.
നിക്കോളാസ് പൂരാൻ(32), ക്രുണാൽ പാണ്ഡ്യ(2) എന്നിവർ ലക്‌നൗ നിരയിൽ പുറത്താകാതെ നിന്നു. അവസാന ഓവറിലെ പൂരാന്റെ വെടിക്കെട്ട് പ്രകടനമാണ് ലക്‌നൗവിന് ഭേദപ്പെട്ട സ്‌കോർ ലഭിക്കാൻ കാരണമായത്. ഗുജറാത്തിനായി ഉമേഷ് യാദവും ദർശൻ നൽകണ്‌ഠേയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ റാഷിദ് ഖാൻ ഒരു വിക്കറ്റ് നേടി.