ചെന്നൈ: ദേശീയത മുറുകെ പിടിച്ചുകൊണ്ട് വാർത്തയുടെ രാഷ്ട്രീയം മറച്ചുവയ്ക്കാതെ ജനങ്ങളിലേക്കെത്തിച്ച ജനംടിവി ഇനി തമിഴ്നാട്ടിലും. ജനം തമിഴ് ലോഞ്ചിംഗ് ഇന്ന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് ഠാക്കൂർ നിർവഹിക്കും. കേന്ദ്ര സഹമന്ത്രി എൽ. മുരുകനും ചടങ്ങിൽ പങ്കെടുക്കും. രാവിലെ 9.30-ന് ചെന്നൈയിലെ ടിനഗർ ജിആർടി കൺവെൻഷൻ സെന്ററിലാണ് ചടങ്ങുകൾ നടക്കുക.
ദേശീയതയുടെ ശബ്ദമാകാൻ ഒരു ചാനൽ വേണമെന്ന കേരളത്തിന്റെ ആഗ്രഹം സഫലമാക്കി 2015 ഏപ്രിൽ 19-നാണ് ജനം ടിവി മലയാളത്തിൽ ജൈത്രയാത്ര ആരംഭിക്കുന്നത്. ആഗോള ഭീകരതയുടെ കേന്ദ്രമായി കേരളം മാറുന്നുവെന്ന ഞെട്ടിക്കുന്ന വാർത്ത ആദ്യ ദിനങ്ങളിൽ ജനം ടിവി ലോകത്തിന് മുന്നിലെത്തിച്ചു. മറ്റ് പല ചാനലുകളും വിസ്മരിക്കുന്ന പല വിഷയങ്ങളും വളരെ പക്വതയോടെ കൈകാര്യം ചെയ്യുന്നതിൽ ജനം ടിവി മികവ് പുലർത്തി ഇന്നും വ്യത്യസ്തമായി നിലകൊള്ളുന്നു.
ദേശീയതയെ സംരക്ഷിക്കാനുള്ള പോരാട്ടത്തിന്റെ ഭാഗമായി ഭീകരതയ്ക്കും വിഘടനവാദത്തിനുമെതിരെയുള്ള പോരാട്ടം ഇന്നും ജനംടിവി തുടരുന്നു. തമിഴക മണ്ണിൽ ദേശീയതയുടെ ശംഖനാദമുയർത്തി കഴിഞ്ഞ വർഷം ജനം തമിഴ് ഡിജിറ്റൽ പ്ലാറ്റ്ഫോം ആരംഭിച്ചിരുന്നു. അടുത്ത സുപ്രധാന ചുവടുവയ്പ്പാണ് ജനംടിവി തമിഴ്. ദേശീയതയുടെ ശബ്ദം ഇനി തമിഴിലും മുഴങ്ങും.