സംവിധായിക ഐശ്വര്യ രജനീകാന്ത്-നടൻ ധനുഷ് ദമ്പതികൾ വിവാഹമോചന ഹർജി നൽകി. 2022 മുതൽ വേർപിരിഞ്ഞു കഴിയുന്ന ഇരുവരും ചെന്നൈ കുടുംബ കോടതിയിലാണ് ഹർജി സമർപ്പിച്ചത്. പരസ്പര സമ്മതത്തോടെയുള്ള അപേക്ഷയാണ് നൽകിയത്. വാർത്ത പുറത്തുവന്നതോടെ ഇവർ വീണ്ടും ഒന്നിക്കുമെന്ന് വിശ്വസിച്ചിരുന്ന ആരാധകരും നിരാശയിലാണ്. ഇവരുടെ കേസ് ഉടനെ പരിഗണിക്കും. ഇന്ത്യ ടുഡേയാണ് വാർത്ത പുറത്തുവിട്ടത്.
2022 ജനുവരി 17നാണ് ഇവർ വേർപിരിയൽ ഔദ്യോഗികമായി സ്ഥിരീകരിച്ച് എക്സിൽ പോസ്റ്റുകൾ പങ്കുവച്ചത്. തങ്ങളുടെ സ്വകാര്യതയെയും തീരുമാനത്തെയും മാനിക്കണമെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. 2004ലാണ് ധനുഷും ഐശ്യര്യയും വിവാഹിതരായത്. യാത്ര,ലിംഗ എന്ന് പേരുള്ള രണ്ടുമക്കളാണ് ദമ്പതികൾക്കുള്ളത്.
വേർപിരിയലിന് ശേഷം ഇരുവരും അവരവരുടെ കരിയറിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. പിതാവ് രജനീകാന്തിനെ നായകനാക്കി ഐശ്വര്യ സംവിധാനം ചെയ്ത ലാൽ സലാം തിയേറ്റിലെത്തിയിരുന്നു. ബോക്സോഫീസിൽ ചിത്രത്തിന് വലിയ ചലനമുണ്ടാക്കാനായിരുന്നില്ല. ക്യാപ്റ്റൻ മില്ലറിന് ശേഷം ധനുഷ് നായകനാവുന്ന രായൻ റിലീസിന് തയാറെടുക്കുകയാണ്. അദ്ദേഹം സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.















