കൊൽക്കത്തയുടെ വമ്പനടിക്കാരെ ചെന്നൈ ബൗളർമാർ കൂച്ചുവിലങ്ങിട്ട് നിർത്തിയതോടെ കെ.കെ.ആർ ഇന്നിംഗ്സ് 9 വിക്കറ്റ് നഷ്ടത്തിൽ 137 റൺസിലൊതുങ്ങി. നേരിട്ട ആദ്യ പന്തിൽ ഫിൽ സാൾട്ട് വീണതോടെ പതറിയ കൊൽക്കത്തയ്‌ക്ക് പിന്നീട് തിരിച്ചുവരാനായില്ല. സുനിൽ നരെയ്നും അംഗ്ക്രിഷ് രഘുവൻഷിയും ചേർന്ന് സ്കോർ ബോർഡ് ചലിപ്പിച്ചെങ്കിലും ടീം സ്കോർ 56ൽ നിൽക്കെ അംഗ്ക്രിഷ് മടങ്ങിയതോടെ കൂട്ടുക്കെട്ട് തകർന്നു.
ആദ്യ ഓവറിൽ ജഡേജയാണ് രഘുവൻഷിയെയും(24) നരെയ്നെയും(27) കൂടാരം കയറ്റി കൊൽക്കത്തയെ തകർച്ചയിലേക്ക് തള്ളിവിട്ടത്. 3പിന്നാലെയെത്തിയവർക്ക് ചെന്നൈ ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. 32 പന്തിൽ 34 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ഒരു ഘട്ടത്തിലും ഇന്നിംഗ്സിന് വേഗത കൂട്ടാനായില്ല.
വെങ്കിടേഷ് അയ്യർ(3), രമൺദീപ് സിംഗ്(13), റിങ്കു സിംഗ് (9) ആന്ദ്രെ റസൽ(10), എന്നിവർ ഉത്തരവാദിത്തം മറന്നതോടെ കൊൽക്കത്തയുടെ സമനില തെറ്റി. അവസാന ഓവറിൽ വമ്പനടിക്ക് മുതിർന്ന മിച്ചൽ സ്റ്റാർക്ക്(0) സ്കോർ ബോർഡിന് ചലനമുണ്ടാക്കാതെ കൂടാരം കയറി. വൈഭവ് അരോറ, അനുകുൽ റോയിയും പുറത്താകാതെ നിന്നു. മൂന്നു വിക്കറ്റ് വീതമെടുത്ത ജഡേജയും തുഷാർ ദേശ്പാണ്ഡെയുമാണ് കൊൽക്കത്തയുടെ നട്ടെല്ലൊടിച്ചത്. വാലറ്റത്തെ രണ്ടു വിക്കറ്റെടുത്ത മുസ്തഫിസൂറും ചുരുട്ടിക്കെട്ടി. മഹീഷ് തീക്ഷണയ്‌ക്ക് ഒരു വിക്കറ്റ് ലഭിച്ചു.