ന്യൂഡൽഹി: ജനാധിപത്യത്തിന്റെ ഉത്സവം ആഘോഷമാക്കാൻ വോട്ടർമാർക്ക് ക്ഷണക്കത്തുകൾ അയയ്‌ക്കാനൊരുങ്ങി ഗുജറാത്ത് തെരഞ്ഞെടുപ്പ് കമ്മീഷൻ. ഗുജറാത്തിലെ 13,000 പോളിംഗ് സ്റ്റേഷനുകളിലെ 20.3 ലക്ഷത്തിലധികം സമ്മതിദായകർക്കാണ് ക്ഷണക്കത്തുകൾ അയയ്‌ക്കുന്നത്.
മറ്റെല്ലാ ആഘോഷങ്ങളിലേക്കും ക്ഷണിക്കുന്നത് പോലെ വോട്ടർമാർക്ക് ക്ഷണക്കത്ത് നൽകി പോളിംഗ് ബുത്തുകളിലേക്ക് എത്തിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. വോട്ടർമാരിലേക്ക് ഈ ക്ഷണക്കത്ത് എത്തുന്നതിലൂടെ കുടുംബത്തോടൊപ്പമെത്തി എല്ലാവരും വോട്ട് ചെയ്യുകയും മറ്റുള്ളവർക്ക് കൂടി പ്രചോദനമാവുകയും ചെയ്യുമെന്ന് ഗുജറാത്ത് ചീഫ് ഇലക്ടറൽ ഓഫീസർ പി ഭാരതി പറഞ്ഞു.
തെരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുകയാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. നിങ്ങളുടെ തിരക്കിനിടയിലും കുടുംബത്തോടൊപ്പം എത്തി വോട്ട് രേഖപ്പെടുത്തണമെന്നും വോട്ട് ചെയ്യാൻ മറ്റുള്ളവർക്കും പ്രചോദനമാകണമെന്നും ചീഫ് ഇലക്ടറൽ ഓഫീസർ പി ഭാരതി കത്തിലൂടെ വനിതാ വോട്ടർമാരോട് അഭ്യർത്ഥിക്കുന്നു.
തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങൾ അവലോകനം ചെയ്യുന്നതിനായി പ്രത്യേക തെരഞ്ഞെടുപ്പ് അവലോകന കേന്ദ്രങ്ങൾ ആരംഭിക്കും. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകിയിട്ടുണ്ട്. ആശാ വർക്കർമാർ, അങ്കണവാടി പ്രവർത്തകർ, ബൂത്ത് ലെവൽ ഓഫീസർമാർ, സ്‌കൂൾ പ്രിൻസിപ്പൽമാർ, ഗ്രാമസേവകർ, ഗ്രാമങ്ങളിലെ രാഷ്‌ട്രീയേതര സാമൂഹിക നേതാക്കൾ എന്നിവർക്കായിരിക്കും ഈ കേന്ദ്രങ്ങളുടെ ചുമതല. വോട്ടിംഗ് ശതമാനം കുറയുന്നതിന്റെ കാരണങ്ങൾ, പൗരന്മാർ തങ്ങളുടെ സമ്മതിദാനാവകാശം കൃത്യമായി വിനിയോഗിക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യും.















