ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ പദ്ധതിയുടെ വ്യാപ്തി വർദ്ധിപ്പിക്കാൻ ഒരുങ്ങി അദാനി ഗ്രൂപ്പ് . 1.5 ലക്ഷം കോടി രൂപ നിക്ഷേപിച്ചാണ് ഗുജറാത്തിലെ പ്ലാന്റ് വിപുലീകരിക്കുന്നത് . പുനരുപയോഗ ഊർജ മേഖലയിൽ മൊത്തം 2.3 ലക്ഷം കോടി രൂപ നിക്ഷേപിക്കാനാണ് അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നത്.
അദാനി ഗ്രീൻ എനർജി ലിമിറ്റഡ് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ഗുജറാത്തിലെ കച്ചിലുള്ള ഖവ്ദ പുനരുപയോഗ ഊർജ പദ്ധതിയുടെ ശേഷി 30 ജിഗാവാട്ട് (GW) ആയി വർദ്ധിപ്പിക്കാൻ 1.5 ലക്ഷം കോടി രൂപ നിക്ഷേപിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ വിനീത് ജെയിൻ പറഞ്ഞു. 2030 ഓടെ 45 ജിഗാവാട്ട് പുനരുപയോഗ ഊർജം ഉൽപ്പാദിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
1.5 ലക്ഷം കോടി രൂപയ്‌ക്ക് പുറമെ, 2030-ഓടെ മറ്റ് സ്ഥലങ്ങളിലും പുനരുപയോഗ ഊർജ പദ്ധതികൾക്കായി അദാനി ഗ്രീൻ 50,000 കോടി രൂപ കൂടി നിക്ഷേപിക്കും. ഗ്രൂപ്പിന്റെ ഉപകരണ നിർമാണ വിഭാഗമായ അദാനി ന്യൂ ഇൻഡസ്ട്രീസ് 30,000 കോടി രൂപ നിക്ഷേപിക്കും.
“ഈ സാമ്പത്തിക വർഷത്തിൽ, ഞങ്ങൾ ഏകദേശം 4 GW കൂടി വർദ്ധിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട് . തുടർന്നുള്ള വർഷങ്ങളിൽ ഞങ്ങൾ എല്ലാ വർഷവും 5 ജിഗാവാട്ട് കൂട്ടിച്ചേർക്കും…രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സ്ഥാപിക്കാൻ ഈ പദ്ധതികൾ ആരംഭിക്കാൻ നീക്കമുണ്ട് ,” ജെയിൻ പറഞ്ഞു.
ഖവ്ദയിൽ അടുത്തിടെ കമ്മീഷൻ ചെയ്ത പദ്ധതി സൗരോർജ്ജത്തെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിലും, പദ്ധതി അതേ സ്ഥലത്ത് കാറ്റാടി മില്ലുകളും സ്ഥാപിച്ചിട്ടുണ്ട്. ഈ വർഷം തന്നെ ഇതുവഴിയുള്ള വൈദ്യുതി ഉൽപാദനം ആരംഭിക്കാനും ലക്ഷ്യമിടുന്നു.















