സൂര്യൻ ഭൂമിയെ വിഴുങ്ങും; സൗരയൂഥം ചതഞ്ഞരഞ്ഞ് പൊടിയായി മാറും; അമ്പരപ്പിക്കുന്ന കണ്ടെത്തലുകളുമായി ശാസ്ത്രജ്ഞർ

Published by
Janam Web Desk

സൗരയൂഥത്തിലെ ഊർജ്ജസ്രോതസ്സാണ് സൂര്യൻ. സൂര്യൻ ഇല്ലെങ്കിൽ ഭൂമിയിൽ നമ്മളും ഉണ്ടാകില്ല. ഭൂമിയിലെ ജീവനുകൾക്കുള്ള ഊർജ്ജം ലഭിക്കുന്നത് സൂര്യനിൽ നിന്നാണ്. എല്ലാ നക്ഷത്രങ്ങൾക്കുമുള്ളത് പോലെ സൂര്യനും ഒരു നിശ്ചിത കാലത്തെ ആയുസ് ആണുള്ളത്. അതായത് വെളുത്ത കുള്ളൻ നക്ഷത്രമായി മാറുന്നതിന് മുൻപ് നമ്മുടെ ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നാണ് പറയുന്നത്. സൗരയൂഥത്തിലെ മറ്റ് ഗ്രഹങ്ങൾ ചതഞ്ഞ് പൊടിയായി മാറുമെന്നും ഒരു പുതിയ പഠനത്തിൽ പറയുന്നു.

വാർവിക് സർവകലാശാലയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ഇത് പ്രകാരം സൂര്യനിലുള്ള ഇന്ധനം തീർന്ന് കഴിയുമ്പോൾ സൂര്യൻ വെളുത്ത കുള്ളൻ നക്ഷത്രമായി മാറും. അതിശക്തമായ ഗുരുത്വാകർഷണമാകും ഈ സമയം സൂര്യനിൽ ഉണ്ടാകുന്നത്. സൗരയൂഥത്തിലെ ഓരോ ഗ്രഹത്തേയും ഇത് ഒന്നാകെ ബാധിക്കും. എന്നാൽ ഇത് കേട്ട് പരിഭ്രാന്തരാകേണ്ട ആവശ്യമില്ല. ഏകദേശം 6 ബില്യൺ വർഷങ്ങൾക്ക് ശേഷം മാത്രമേ ഇത് സംഭവിക്കുകയുള്ളു

വെളുത്ത കുള്ളൻ നക്ഷത്രമാകുന്നതിന് മുൻപ് ഭൂമിയെ സൂര്യൻ വിഴുങ്ങുമെന്നും പഠന സംഘത്തിലെ പ്രൊഫസർ ബോറിസ് ഗെയ്ൻസിക്ക് പറയുന്നു. സൗരയൂഥത്തിൽ ചൊവ്വ, വ്യാഴം എന്നീ ഗ്രഹങ്ങൾക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഛിന്നഗ്രഹങ്ങൾ, വ്യാഴത്തിന്റെ ഉപഗ്രഹങ്ങൾ എന്നിവ നിലവിലുള്ള സ്ഥാനത്ത് നിന്നും മാറിപ്പോയേക്കും. ചതഞ്ഞ് പൊടിയായി മാറുകയെന്ന പ്രക്രിയയുടെ ഭാഗമാകുന്നതിനായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ശാസ്ത്രജ്ഞരുടെ നിഗമനം.

മൂന്ന് വ്യത്യസ്തങ്ങളായ വെളുത്ത കുള്ളൻ നക്ഷത്രങ്ങളേയും ശാസ്ത്രജ്ഞർ പഠനത്തിന് വിധേയരാക്കിയിരുന്നു. ഇവയ്‌ക്ക് ചുറ്റുമുള്ള ഛിന്നഗ്രഹങ്ങളുടേത് ഉൾപ്പെടെയുള്ള പരിക്രമണം ക്രമരഹിതമാണ്. വെളുത്ത കുള്ളനോട് അടുത്ത് എത്തുന്ന ഗ്രഹങ്ങളും ഛിന്നഗ്രഹങ്ങളുമെല്ലാം ഗുരുത്വാകർഷണം മൂലമുള്ള പ്രക്രിയയാൽ തകർന്ന് പോവുന്നു. ഈ കഷണങ്ങൾ പരസ്പരം കൂട്ടിയിടിച്ച് പൊടിയായി മാറുകയാണെന്നും ശാസ്ത്രജ്ഞർ പറയുന്നു.

Share
Leave a Comment