പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്റെ മരണം; കേസ് അന്വേഷണത്തിൽ സിബിഐയ്‌ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

Published by
Janam Web Desk

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണത്തിൽ സിബിഐയ്‌ക്ക് ആവശ്യമായ സൗകര്യം ഉറപ്പാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാന സർക്കാരിനും സംസ്ഥാന പൊലീസ് മേധാവിക്കുമാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. കേസ് ഏറ്റെടുത്തതായുള്ള വിജ്ഞാപനം കേന്ദ്രം കോടതിയിൽ ഹാജരാക്കി. സിബിഐയുടെ ഡൽഹി യൂണിറ്റ് അന്വേഷണം നടത്തുന്നതിനാൽ പൊലീസ് സഹായം ആവശ്യമാണെന്ന് സിബിഐ അറിയിച്ചിട്ടുണ്ട്.

അതേസമയം സിദ്ധാർത്ഥിന്റെ പിതാവിനെ വയനാട്ടിലേക്ക് വിളിച്ചുവരുത്തി സിബിഐ മൊഴിയെടുക്കൽ ആരംഭിച്ചു. ജയപ്രകാശിന്റെ മൊഴിയെടുക്കൽ ഒരു മണിക്കൂർ പിന്നിട്ടു. സിബിഐയുടെ താൽക്കാലിക ക്യാമ്പിൽ വച്ചാണ് മൊഴിയെടുക്കൽ നടക്കുന്നത്. കഴിഞ്ഞ ദിവസം കേസ് സംബന്ധിച്ച എഫ്‌ഐആർ സിബിഐ കോടതിയിൽ സമർപ്പിച്ചിരുന്നു. പൊലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തിയ 20 പേരെ കൂടാതെ ഒരാളെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് സിബിഐ എഫ്‌ഐആർ കോടതിയിൽ സമർപ്പിച്ചത്.

സിദ്ധാർത്ഥിന്റെ മരണം അന്വേഷിക്കാൻ ദേശീയ മനുഷ്യാവകാശ കമ്മീഷനും വയനാട്ടിൽ എത്തിയിട്ടുണ്ട്. വയനാട്ടിൽ എത്തിയ സംഘം പൂക്കോട്ട് വെറ്ററിനറി കോളേജിൽ സിറ്റിംഗ് നടത്തും.കോളേജിൽ താമസിച്ച് ആയിരിക്കും കമ്മീഷൻ അംഗങ്ങൾ ജീവനക്കാരിൽ നിന്ന് ഉൾപ്പെടെ മൊഴിയെടുക്കുക. വിവരശേഖരണത്തിന്റെ ഭാഗമായി സിബിഐ സംഘവും കോളേജ് സന്ദർശിക്കുമെന്നാണ് സൂചന.

Share
Leave a Comment