ന്യുഡല്‍ഹി: അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ അരവിന്ദ് കെജ്‌രിവാളിന് ഡല്‍ഹി ഹൈക്കോടതിയില്‍ തിരിച്ചടി. ഇഡിയുടെ അന്വേഷണത്തില്‍ തെളിവുകളുണ്ടെന്ന് വ്യക്തമാക്കിയ കോടതി കെജ്‌രിവാളിന്റെ ഹർജി തള്ളി. മദ്യനയം രൂപീകരിക്കാനും കോഴ വാങ്ങാനും ഡല്‍ഹി മുഖ്യമന്ത്രി ഇടപ്പെട്ടെന്നും നിരീക്ഷിച്ചു. ഗൂഢാലോചനയ്‌ക്ക് തെളിവുണ്ടെന്ന് പറഞ്ഞ കോടതി ഇഡിയുടെ പക്കലുള്ള തെളിവുകള്‍ ആരോപണങ്ങള്‍ ശരിവയ്‌ക്കുന്നതായും വ്യക്തമാക്കി. ഗോവ തെരഞ്ഞെടുപ്പിന് കെജ്‌രിവാളിന് പണം നൽകിയതിനുള്ള മതിയായ തെളിവുകളുണ്ടെന്നും കോടതി വ്യക്തമാക്കി.
മാര്‍ച്ച് 21നാണ് മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ ആദ്യം അറസ്റ്റിലായ വകുപ്പ് മന്ത്രി മനീഷ് സിസോദിയ ഇപ്പോഴും ജയിലിലാണ്. നിലവില്‍ കെജ്‌രിവാള്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലാണ്. അതേസമയം കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷയില്ലെന്ന് ആപ്പ് നേതാവും ഡല്‍ഹി മന്ത്രിയുമായ സൗരഭ് ഭരത്വാജ് പറഞ്ഞു.
കോടതിയുടെ പരാമര്‍ശങ്ങള്‍ വന്ന ശേഷമായിരുന്നു അഭിപ്രായ പ്രകടനം.ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മയുടെ സിംഗിള്‍ ബെഞ്ചാണ് ഹര്‍ജിയില്‍ വിധിപറഞ്ഞത്. ഏപ്രില്‍ മൂന്നിന് ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ മൂന്നു മണിക്കൂറിലേറെ നീണ്ട വാദത്തിനൊടുവിൽ വിധി പറയാൻ മാറ്റിയിരിക്കുകയായിരുന്നു.















