ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്‌ക്കുള്ള പാകിസ്താൻ ടീമിനെ പ്രഖ്യാപിച്ചു. വിരമിക്കൽ പിൻവലിച്ച് മടങ്ങിയെത്തിയ മുഹമ്മദ് ആമിറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയ്‌ക്കായി 17 അംഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. ബാബർ അസമാണ് നയിക്കുന്നത്. ഏപ്രിൽ 18-27 വരെയാണ് പരമ്പര.
അതേസമയം ഇന്ത്യയുടെ പേടി സ്വപ്നമാണ് പാക് ടീമിൽ മടങ്ങിയെത്തിയതെന്നാണ് ആരാധകരുടെ വാദം. ഇനി ഇന്ത്യ പാകിസ്താനുമായി മുട്ടാൻ കുറച്ച് പേടിക്കുമെന്നാണ് സോഷ്യൽ മീഡിയയിൽ അവർ അലമുറയിടുന്നത്. 2020ലാണ് ആമിർ ദേശീയ ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നത്. ആമിറിനൊപ്പം ഇമാദ് വസിമും വിരമിക്കൽ പിൻവലിച്ചിരുന്നു.
ഓവലിൽ നടന്ന 2017ലെ ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്താൻ ആമിറിന് കഴിഞ്ഞിരുന്നു. അതേസമയം നായക സ്ഥാനത്ത് നിന്ന് പുറത്താക്കിയ ഷഹീൻ ഷാ അഫ്രീദിയും സ്ക്വാഡിലുണ്ട്. പുതുമുഖങ്ങളെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ടീം സ്ക്വാഡ്; ബാബർ അസം (ക്യാപ്റ്റൻ), അബ്രാർ അഹമ്മദ്, അസം ഖാൻ, ഫഖർ സമാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വാസിം, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് റിസ്വാൻ, മുഹമ്മദ് ആമിർ, മുഹമ്മദ് ഇർഫാൻ ഖാൻ, നസീം ഷാ, സയിം അയൂബ്, ഷദാബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി, ഉസാമ മിർ, ഉസ്മാൻ ഖാൻ, സമാൻ ഖാൻ.