കാൻഗ്ര: അഴിമതി നിറഞ്ഞ ഒരു കുടുംബം നയിച്ച പാർട്ടിയിൽ നിന്ന് 2014ലാണ് രാജ്യം സ്വാതന്ത്ര്യം നേടിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ. 2014ലാണ് ഇന്ത്യക്ക് ശരിക്കുള്ള സ്വാതന്ത്ര്യം കിട്ടിയതെന്ന് 2022ൽ കങ്കണ റണാവത്ത് പറഞ്ഞിരുന്നു. ഈ പ്രസ്താവനയെ ഉയർത്തിക്കാട്ടി മാദ്ധ്യമപ്രവർത്തകർ ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
” അഴിമതി നിറഞ്ഞ ഒരു സർക്കാരിൽ നിന്നാണ് ഈ രാജ്യത്തെ ജനങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചത്. പല രീതിയിൽ സ്വാതന്ത്ര്യം ലഭിക്കാം. അഴിമതിയിൽ നിന്നും, രാജ്യം നേരിട്ട അരക്ഷിതാവസ്ഥയിൽ നിന്നും, കോൺഗ്രസിൽ നിന്നും, കുടുംബത്തിന് വേണ്ടി മാത്രമുള്ള പാർട്ടികളിൽ നിന്നും നമുക്ക് സ്വാതന്ത്ര്യം ലഭിച്ച് കഴിഞ്ഞ് കഴിഞ്ഞു. ഇനിയും ചില ഇടങ്ങളിൽ നിന്ന് കൂടി സ്വാതന്ത്ര്യം ലഭിക്കാനുണ്ടെന്നും” അനുരാഗ് താക്കൂർ പറഞ്ഞു.
കേന്ദ്രസർക്കാർ പദ്ധതികളുടെ യഥാർത്ഥ ഗുണഭോക്താക്കളിൽ നല്ലൊരു ശതമാനവും എസ്‌സി, എസ്ടി, ഒബിസി വിഭാഗങ്ങളിൽപ്പെടുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. ” കിസാൻ സമ്മാൻ നിധിക്ക് കീഴിൽ കർഷകർക്ക് പ്രതിവർഷം 6000 രൂപ വീതം ലഭിക്കുന്നുണ്ട്. ഇതിൽ 80 ശതമാനം പേരും എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽ നിന്നുള്ളവരാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം വീടുകളില്ലാത്ത സാധാരണക്കാർക്ക് അടച്ചുറപ്പുള്ള വീടുകൾ ലഭിച്ചു. ഇതിന്റേയും 40 ശതമാനം ഗുണഭോക്താക്കൾ എസ്‌സി, എസ്ടി, ഒബിസി വിഭാഗത്തിൽപ്പെട്ടവരാണ്.
കഴിഞ്ഞ 10 വർഷം കൊണ്ട് രാജ്യത്തുണ്ടായ വികസനവും മാറ്റങ്ങളും ചെറുതല്ല. പ്രധാനമന്ത്രി വീണ്ടും അധികാരത്തിൽ എത്തിയാൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. 2014 വരെ രാജ്യത്ത് 7 എയിംസുകൾ മാത്രമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്നത് 22 ആയി മാറി. മെഡിക്കൽ കോളേജുകളുടെ എണ്ണം 384ൽ നിന്ന് 706 ആയി ഉയർന്നു. മെട്രോ വഴി 20 നഗരങ്ങളെ ബന്ധിപ്പിച്ചു. 2014 വരെ 20,000 കിലോമീറ്റർ റെയിൽവേ ട്രാക്ക് ആണ് ഉണ്ടായിരുന്നതെങ്കിൽ ഇന്നത് 41,000 കിലോമീറ്ററിലേക്ക് ഉയർന്നുവെന്നും” അദ്ദേഹം ചൂണ്ടിക്കാട്ടി.















