കണ്ണൂർ: പാനൂർ സ്ഫോടന കേസിൽ സിപിഎം വാദങ്ങൾ പൊളിച്ച് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. സിപിഎം പ്രവർത്തകൻ ഷെറിന്റെ മരണത്തിൽ കലാശിച്ച ബോംബ് നിർമ്മാണം ലോക്സഭ തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ചായിരുന്നുവെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
ബോംബുണ്ടാക്കിയത് രാഷ്‌ട്രീയ എതിരാളികൾക്കെതിരെ പ്രയോഗിക്കാനും ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാനും പ്രതികൾ ലക്ഷ്യം വച്ചു. സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്ത ബോംബുകൾ പ്രതികൾ നിർമ്മിച്ചതാണെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സംഭവസ്ഥലത്ത് മണൽ കൊണ്ടു വന്നിട്ട് തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡിവൈഎഫ്‌ഐ ഭാരവാഹിത്വം വഹിക്കുന്നവരാണ് ഇത് ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തിൽ 12 പ്രതികളും സിപിഎം പ്രവർത്തകരാണെന്നുള്ളത് ചേർത്ത് വായിക്കേണ്ടതാണ്. കൂടുതൽ പേർ ഇതിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കുകയാണെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ആറ്, ഏഴ് പ്രതികളായ കടുങ്ങാംപൊയിൽ യൂണിറ്റ് ജോയിന്റ് സെക്രട്ടറി സി. സായൂജ്, മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ് സെക്രട്ടറി പി.വി അമൽ ബാബു എന്നിവരുടെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
സംഭവത്തിൽ രാഷ്‌ട്രീയമില്ലെന്ന് സിപിഎമ്മും സ്ഫോടനത്തിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐയും വാദിച്ച് സംഭവം കാറ്റിൽ പറത്താൻ ശ്രമിക്കുന്നതിനിടെയാണ് പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. പാർട്ടി നിലപാടിനെതിരായ റിപ്പോർട്ട് ആഭ്യന്തര വകുപ്പ് തന്നെ കോടതിയിൽ നൽകിയത് സിപിഎമ്മിനെ വെട്ടിലാക്കുന്നു.















