ന്യൂഡൽഹി: അഭിഭാഷകരുമായി ചർച്ച നടത്താനുള്ള പ്രതിദിന കൂടിക്കാഴ്ചകളുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നൽകിയ ഹർജി തള്ളി റോസ് അവന്യൂസ് കോടതി. നിയമപരമായ ആവശ്യങ്ങൾക്കായി ദിവസവും രണ്ട് തവണ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്താൻ കഴിയുമെന്നതാണ് തിഹാർ ജയിലിൽ നിലവിലുള്ള ചട്ടം. ഇത് അഞ്ച് തവണയായി ഉയർത്തണമെന്നായിരുന്നു കെജ്‌രിവാളിന്റെ ഹർജി. ഏപ്രിൽ നാലിനായിരുന്നു ഇത് സംബന്ധിച്ച ഹർജി ആംആദ്മി നേതാവ് നൽകിയത്. ഇന്ന് ഹർജി പരിഗണിച്ച കോടതി ആവശ്യം നിരസിക്കുകയായിരുന്നു.
വിവിധ സംസ്ഥാനങ്ങളിലായി നിരവധി കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലീഗൽ വർക്കുകൾ അധികമാണ്. ഒരുദിവസം തന്നെ പലതവണ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തേണ്ടി വരും. നിയമനടപടികൾ തടസമില്ലാതെ കൈകാര്യം ചെയ്യാൻ അഭിഭാഷകരുമായുള്ള കൂടിക്കാഴ്ചകൾ അനിവാര്യമാണെന്നുമായിരുന്നു കെജ്‌രിവാൾ കോടതിയെ അറിയിച്ചത്. ഇക്കാര്യത്തിൽ ഇഡിയോടും തിഹാൽ ജയിൽ അധികൃതരോടും നിലപാടറിയിക്കാൻ കോടതി ആവശ്യപ്പെട്ടു.
ഇന്ന് രാവിലെ കെജ്‌രിവാളുമായി കൂടിക്കാഴ്ച നടത്താൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനും ആംആദ്മി നേതാവ് സഞ്ജയ് സിംഗിനും തിഹാർ ജയിൽ അധികൃതർ അനുമതി നിഷേധിച്ചിരുന്നു. സുരക്ഷാകാരണങ്ങൾ മുൻനിർത്തിയായിരുന്നു ഇത്. കൂടിക്കാഴ്ച നടത്താൻ മറ്റൊരു ദിവസം അനുമതി നൽകുമെന്നും ജയിൽ അധികൃതർ അറിയിച്ചു.
മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് നിലവിൽ ജൂഡീഷ്യൽ കസ്റ്റഡിയിൽ തുടരുകയാണ് ഡൽഹി മുഖ്യമന്ത്രി. ഇഡിയുടെ അറസ്റ്റിൽ തെറ്റില്ലെന്നും മദ്യനയ രൂപീകരണവുമായി ബന്ധപ്പെട്ട് നടത്തിയ ഗൂഢാലോചനകൾക്കും പണമിടപാടുകൾക്കും കെജ്‌രിവാളിനെതിരെ തെളിവുണ്ടെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു.















