കൊൽക്കത്ത: 2020-ലെ സ്ഫോടനകേസ് അന്വേഷണത്തിനെത്തിയ എൻഐഎ ഉദ്യോഗസ്ഥർ ലൈംഗികമായി അതിക്രമിച്ചെന്ന ആരോപണം മുതലെടുക്കാൻ ശ്രമിച്ച മമതാ സർക്കാരിന് തിരിച്ചടി. കേസുമായി ബന്ധപ്പെട്ട് എൻഐഎ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാൻ കഴിയില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അറസ്റ്റ് തടഞ്ഞ് കോടതി ഉത്തരവിട്ടു.
വീടിന്റെ വാതിലുകൾ തകർത്ത് അകത്ത് കയറി സ്ത്രീകളെ ലൈംഗികമായി ഉപദ്രവിച്ചുവെന്നായിരുന്നു എൻഐഎ ഉദ്യോഗസ്ഥർക്കെതിരെ ഉയർന്ന പരാതി. ഇതുപ്രകാരം അറസ്റ്റിനൊരുങ്ങുകയായിരുന്നു ബംഗാൾ പൊലീസ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ നിർണായക ഇടപെടൽ.
എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഐഎ കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജിയിന്മേലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടിരിക്കുന്നത്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകനായ മനബ്രോടോ ജാനയുടെ പരാതിയിന്മേലായിരുന്നു ബംഗാൾ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തത്.
മൂന്ന് പേർ കൊല്ലപ്പെട്ട 2020ലെ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ടിഎംസി പ്രവർത്തകരെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. അറസ്റ്റിനിടയിലാണ് ഭൂപതിനഗറിൽ വച്ച് എൻഐഎ ഉദ്യോഗസ്ഥർ ആക്രമിക്കപ്പെടുന്നത്. കസ്റ്റഡിയിലെടുത്ത ബാലൈ മൈതിയെയും മനോബ്രാതാ ജനയെയും കൊണ്ടുപോകുന്ന വാഹനത്തിന് നേരെ നടന്ന ആക്രമത്തിൽ രണ്ട് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.