കോയമ്പത്തൂർ: ബിജെപി തമിഴ്നാട് അദ്ധ്യക്ഷൻ കെ. അണ്ണാമലൈയ്‌ക്കെതിരെ ഡിഎംകെ നേതാവ് നടത്തിയ അധിക്ഷേപ പരാമർശത്തിൽ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. അണ്ണാമലൈ കോമാളിയാണെന്നും ജനങ്ങളെ രസിപ്പിക്കുന്ന എന്റർടെയ്നർ മാത്രമാണെന്നുമുള്ള ഡിഎംകെ നേതാവ് ദയാനിധി മാരന്റെ പരിഹാസത്തിന് പിന്നാലെയായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം.
ഡിഎംകെയുടെ ധിക്കാരവും ഗർവുമാണ് വാക്കുകളിൽ പ്രതിഫലിക്കുന്നതെന്നും തമിഴ്നാടിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമാണിതെന്നും പ്രധാനമന്ത്രി ആഞ്ഞടിച്ചു. കോയമ്പത്തൂരിലെ മേട്ടുപാളയത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തോട് അനുബന്ധിച്ച് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തിന്റെ ഗർവ്വിൽ മുങ്ങിക്കുളിച്ചതാണ് ഡിഎംകെ പാർട്ടി. ബിജെപിയുടെ യുവനേതാവിനെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ഡിഎംകെയുടെ ധിക്കാരം വ്യക്തമാണ്. തീർത്തും അപമാനകരമായ വാക്കുകളാണ് ഡിഎംകെ നേതാവ് ഉപയോഗിച്ചത്. ഈ ധിക്കാരം തമിഴ്നാട് മണ്ണിന്റെ മഹത്തായ പാരമ്പര്യത്തിന് വിരുദ്ധമാണ്. ഈ അഹന്തയൊരിക്കലും തമിഴ് ജനത വച്ചുപൊറുപ്പിക്കല്ല.
മുൻ പോലീസ് ഓഫീസറെ, പിന്നാക്ക വിഭാഗത്തിൽ നിന്ന് ഉയർന്നുവന്ന യുവാവിനെ, താഴെത്തട്ടിലേക്ക് ഇറങ്ങി സമർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന സേവകനെയാണ് ഡിഎംകെ ഇത്തരത്തിൽ അധിക്ഷേപിച്ചത്. അല്ലെങ്കിലും യുവനേതാക്കൾ മുന്നോട്ട് വരുന്നതിനെ തടയുകയെന്നതാണ് കുടുബ രാഷ്‌ട്രീയം പയറ്റുന്നവരുടെ രീതിയെന്നും ഡിഎംകെയെ പ്രധാനമന്ത്രി വിമർശിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ കോയമ്പത്തൂരിൽ നിന്ന് എൻഡിഎക്ക് വേണ്ടി മത്സരിക്കുന്ന അണ്ണാമലൈ ഉയർത്തുന്ന വെല്ലുവിളിയെക്കുറിച്ച് ദേശീയ മാദ്ധ്യമം ചോദ്യം ഉന്നയിച്ചപ്പോഴായിരുന്നു ഡിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ദയാനിധി മാരൻ അധിക്ഷേപ പരാമർശം നടത്തിയത്. അണ്ണാമലൈ എന്ന ബിജെപി നേതാവിനെ ഭയക്കുന്നുണ്ടോയെന്നായിരുന്നു ചോദ്യം. എന്നാൽ അണ്ണാമലൈയെ കോമാളിയെന്ന് വിശേഷിപ്പിച്ച് ചോദ്യത്തിൽ നിന്ന് തടിയൂരുകയായിരുന്നു ദയാനിധി മാരൻ.
“ആരാണത്? ഓഹ്, ആ കോമാളി.. നിങ്ങൾ ചോദിക്കുന്നത് ആ ജോക്കറിനെക്കുറിച്ചാണല്ലേ.. നിങ്ങളുടെ വിലയിരുത്തലുകൾ അതിരുകടന്നതാണ്. അയാളൊരു പരാജിതനായ രാഷ്‌ട്രീയക്കാരൻ മാത്രമാണ്, ലേയിം-ഡക്ക്..”- ഇതായിരുന്നു ഡിഎംകെ നേതാവിന്റെ വാക്കുകൾ. അവഹേളനം വിവാദമായപ്പോഴും തന്റെ വാക്കുകൾ പിൻവലിക്കാൻ ദയാനിധി മാരൻ തയ്യാറായിട്ടില്ല.
ഓന്തിന്റെ സ്വഭാവമാണ് അയാൾക്ക്, വെറുമൊരു കോമാളി, അയാളെ പോലെയുള്ളവരെ നാടിന് ആവശ്യമാണ്, ആളുകളെ രസിപ്പിക്കാൻ വേണ്ടി മാത്രം, അണ്ണാമലൈയെക്കുറിച്ച് പറഞ്ഞ വാക്കുകളിൽ ഉറച്ചുനിൽക്കുന്നു. അതൊരിക്കലും പിൻവലിക്കില്ലെന്നും ദയാനിധി മാരൻ പറഞ്ഞു.















