ദിസ്പൂർ: ഒരു കിലോ ഹെറോയിനുമായി മൂന്ന് പേർ പിടിയിൽ. അസമിലെ ഗുവാഹത്തിയിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രത്യേക ദൗത്യ സംഘം( എസ്ടിഎഫ്) നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. മൂന്ന് പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ നിലയിൽ ഒരു കിലോഗ്രാം ഹെറോയിനാണ് സംഘം പ്രതികളിൽ നിന്നും പിടിച്ചെടുത്തത്.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ്‍ടിഎഫും പൊലീസും ചേർന്ന് ഗുവാഹത്തി മേഖലയിൽ തിരച്ചിൽ നടത്തിയത്. ഇതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടവരെ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. പ്രതികളിൽ നിന്നും മൂന്ന് മൊബൈൽ ഫോണുകളും സംഘം പിടിച്ചെടുത്തിട്ടുണ്ട്.
അടുത്തിടെ അസമിലെ മൊറിഗാവ് പ്രദേശത്ത് നിന്നും മയക്കുമരുന്ന് കടത്ത് സംഘത്തിലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു. പൊലീസും എസ്‍ടിഎഫും ചേർന്ന് നടത്തിയ ഓപ്പറേഷനിലാണ് പ്രതി പിടിയിലായത്. 14 ചെറിയ പ്ലാസ്റ്റിക് കുപ്പികളിലാക്കിയ നിലയിൽ മൂന്ന് ഗ്രാം ഹെറോയിനാണ് സംഘം പിടിച്ചെടുത്തത്. സംസ്ഥാനത്ത് മയക്കുമരുന്ന് കടത്ത് വർദ്ധിക്കുന്ന സാഹചര്യത്തിൽ അതിർത്തി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്ടിഎഫ് ഉദ്യോഗസ്ഥർ അറിയിച്ചു.















