ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിയിൽ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് തിരിച്ചടി നൽകി മന്ത്രിസഭയിലെ ആദ്യ രാജി. സാമൂഹ്യ ക്ഷേമ- തൊഴിൽമന്ത്രി രാജ് കുമാർ ആനന്ദ് ആണ് രാജിവെച്ചത്. എഎപിക്കെതിരെ രൂക്ഷവിമർശനം ഉയർത്തി പാർട്ടി അംഗത്വമടക്കമാണ് രാജിവച്ചത്.
ജയിലിലായിട്ടും മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെയ്‌ക്കാതെ തുടരുന്ന കെജ്‌രിവാളിന് വലിയ തിരിച്ചടിയാണ് മന്ത്രിയുടെ രാജി. ആം ആദ്മി പാർട്ടി അഴിമതിയിൽ മുങ്ങിയെന്നും പാർട്ടിക്കുളളിൽ ദളിത് വിരുദ്ധ നടപടികളാണെന്നും രാജ് കുമാർ ആനന്ദ് ആരോപിച്ചു.
ഇത്തരത്തിൽ അഴിമതിയിൽ മുങ്ങുന്ന ഒരു പാർട്ടിയിൽ മന്ത്രിസ്ഥാനത്ത് ഇരുന്ന് ജനസേവനം നടത്താൻ ബുദ്ധിമുട്ടുണ്ട്. തന്റെ പേര് അഴിമതി പാർട്ടിയുമായി ബന്ധിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതുകൊണ്ടാണ് രാജിവച്ചതെന്നും രാജ് കുമാർ വ്യക്തമാക്കി. അഴിമതിക്കെതിരെ പോരാടുക എന്ന ലക്ഷ്യവുമായാണ് ആം ആദ്മി പാർട്ടി രൂപീകരിച്ചത്. എന്നാൽ ഇന്ന് അഴിമതിയിൽ മുങ്ങി കിടക്കുകയാണ് എഎപിയെന്ന് രാജ്കുമാർ വിമർശിച്ചു.
സമൂഹത്തെ സേവിക്കാനാണ് മന്ത്രിയായത്. എന്നാൽ ദളിത് വിഷയങ്ങളുൾപ്പെടെ മന്ത്രിസഭയിൽ ഉന്നയിച്ചപ്പോൾ അതിൽ നിന്നെല്ലാം പാർട്ടി പിന്നോട്ട് പോയെന്നും അദ്ദേഹം ആരോപിച്ചു. പട്ടേൽ നഗറിലെ എംഎൽഎയാണ് രാജ് കുമാർ ആനന്ദ്. കെജ്രിവാൾ അറസ്റ്റിലായതിന്റെ പേരിൽ എഎപി മന്ത്രിസഭയിൽ നിന്നുളള ആദ്യ രാജിയാണ്. അതുകൊണ്ടു തന്നെ വരും ദിവസങ്ങളിൽ കൂടുതൽ മന്ത്രിമാരും നേതാക്കളും സമാനമായ നടപടികളിലേക്ക് നീങ്ങുമോയെന്നാണ് രാഷ്‌ട്രീയ വൃത്തങ്ങൾ കാത്തിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് കെജ്‌രിവാളിന്റെ പങ്ക് വ്യക്തമാണെന്ന് ഇഡിയുടെ കോടതിയിലെ വാദങ്ങൾ തെളിയിക്കുന്നു. അറസ്റ്റ് ചോദ്യം ചെയ്ത് കെജ്‌രിവാൾ സമർപ്പിച്ച ഹർജിയിൽ ഇഡി നൽകിയ മറുപടികളിലും ഇത് വ്യക്തമായിരുന്നു.