മൂന്നാം അർദ്ധശതകവുമായി സഞ്ജു സാംസണും റിയാൻ പരാഗും തകർത്തടിച്ചതോടെ ഗുജറാത്തിനെതിരെ രാജസ്ഥാന് മികച്ച സ്കോർ. നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 196 റൺസാണ് രാജസ്ഥാൻ നേടിയത്. ഫോമിന്റെ മിന്നലാട്ടങ്ങൾ കാട്ടിയെങ്കിലും ജയ്സ്വാൾ(24) ഇന്നും വലിയ സ്കോർ കണ്ടെത്താനാകാതെ വീണു. തൊട്ടുപിന്നാലെ കഴിഞ്ഞ മത്സരത്തിലെ സെഞ്ച്വറിക്കാരൻ ജോസ് ബട്ലറെ (8) മടക്കി റാഷിദ് ഖാൻ ഗുജറാത്തിനെ ഞെട്ടിച്ചു.
ഇതിന് ശേഷം ക്രീസിൽ ഒന്നിച്ച ക്യാപ്റ്റൻ സഞ്ജു-റിയാൻ സഖ്യം കൂടുതൽ പരിക്കുകൾ ഇല്ലാതെ സ്കോർ ബോർഡ് ചലിപ്പിച്ചു. പരാഗ് അക്രമിച്ചു കളിച്ചപ്പോൾ സഞ്ജു മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ശിക്ഷിച്ചു. മദ്ധ്യ ഓവറുകളിൽ റൺറേറ്റ് താഴെ പോകാതെ നോക്കാൻ ഇരുവർക്കുമായി.
78 പന്തിൽ 130 റൺസാണ് പരാഗ്-സഞ്ജു ജോഡി അടിച്ചുകൂട്ടിയത്. 18-ാം ഓവറിൽ റിയാൻ പരാഗിനെ 76(48) ബൗണ്ടറിയിലെ ഒരു ഉഗ്രൻ ക്യാച്ചിലൂടെ വിജയ് ശങ്കറാണ് പുറത്താക്കിയത്. അവസാന ഓവറുകളിൽ സിക്സും ഫോറും പറത്തി ഹെറ്റ്മെയർ സ്കോർ 190 കടത്തി. 38 പന്തിൽ 9 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് സഞ്ജു 68 റൺസ് നേടിയത്. ഉമേഷ് യാദവ്, മോഹിത് ശർമ്മ,റാഷിദ് ഖാൻ എന്നിവർക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു. മോഹിത് ശർമ്മ നാലോവറിൽ 51 റൺസ് വഴങ്ങി.