ന്യൂഡൽഹി; ചാന്ദ്രയാൻ 4 ന്റെ പ്രധാന ലക്ഷ്യങ്ങളെക്കുറിച്ച് വിശദീകരിച്ച് ഐഎസ്ആർഒ മേധാവി എസ് സോമനാഥ്. ചന്ദ്രനിൽ നിന്നുളള മണ്ണും പാറക്കഷ്ണങ്ങളും ശേഖരിച്ച് ഭൂമിയിൽ എത്തിക്കുന്നത് അടക്കമുളള വലിയ ലക്ഷ്യങ്ങളാണ് ഈ ദൗത്യത്തിലൂടെ ഐഎസ്്ആർഒ കണ്ണുവെയ്‌ക്കുന്നത്. ചാന്ദ്രയാൻ 2, 3 ദൗത്യങ്ങളിൽ നിന്നും 4 നെ വേറിട്ടു നിർത്തുന്നതും ഇതാണെന്ന് ഐഎസ്ആർഒ മേധാവി പറഞ്ഞു.
ഭൂമിയിലെത്തിക്കുന്ന സാമ്പിളുകൾ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കും. നാഷണൽ സ്പേസ് സയൻസ് സിംപോസിയത്തിൽ സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2040-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇത് യാഥാർത്ഥ്യമാകുന്നതിന് മുന്നോടിയായി വിവിധ തരത്തിലുള്ള ചാന്ദ്രപര്യവേക്ഷണങ്ങൾ നടത്തേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ചാന്ദ്രോപരിതലത്തിൽ നിന്നും സാമ്പിളുകൾ ശേഖരിച്ച് ഭൂമിയിൽ എത്തിക്കാൻ ശേഷിയുളള നാലാമത്തെ രാജ്യമായി ഇതോടെ ഇന്ത്യ മാറും. ബഹിരാകാശ പര്യവേഷണത്തിൽ രാജ്യത്തിന്റെ പരിമിതികൾ ഭേദിക്കാനുളള ഐഎസ്ആർഒയുടെ നിരന്തര പരിശ്രമത്തിന് വലിയ ഊർജ്ജമാകും ഈ ദൗത്യം നൽകുകയെന്ന് എസ് സോമനാഥ് കൂട്ടിച്ചേർത്തു.
2028 ലാണ് ചാന്ദ്രയാൻ 4 ന്റെ വിക്ഷേപണത്തിന് ഐഎസ്ആർഒ പദ്ധതിയിട്ടിരിക്കുന്നത്.