പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ഗാന്ധിമതി ബാലന്റെ വിയോഗത്തിൽ അനുശോചിച്ച് നിർമ്മാതാവും ജനംടിവി എക്സിക്യൂട്ടീവ് ചെയർമാനുമായ ജി. സുരേഷ് കുമാർ. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് ഗാന്ധിമതി ബാലന്റെ വിയോഗമെന്ന് അദ്ദേഹം പറഞ്ഞു. കലാമൂല്യമുള്ള സിനിമകൾ മലയാളികൾക്ക് സമർപ്പിച്ച് കലാസ്നേഹിയെയാണ് ഇന്ന് നഷ്ടമായത്.
സിനിമാ സാംസ്കാരിക രംഗത്തെ എല്ലാവരുടെയും പ്രിയപ്പെട്ടയാളായിരുന്നു ഗാന്ധിമതി ബാലൻ. അദ്ദേഹത്തിന്റെ വിയോഗം താങ്ങാൻ കഴിയാത്തതാണ്. എല്ലാ കാര്യത്തിനും ഓടിയെത്താറുള്ള മികച്ച സംഘാടകനായിരുന്നു അദ്ദേഹം. 1995-ൽ ഷോ 95 നടക്കുമ്പോൾ അദ്ദേഹഗമായിരുന്നു അതിന്റെ സംഘാടകൻ. ഒരുപാട് സുഹൃത്ത് വലയമുള്ളയാളായിരുന്നു ഗാന്ധിമതി ബാലൻ.
പത്മരാജൻ-ഭരതൻ ടീമിനൊപ്പം അദ്ദേഹം നിർമ്മിച്ചിട്ടുള്ള സിനിമകൾ എക്കാലത്തെയും ഹിറ്റുകളാണ്. കലാമൂല്യമുള്ള സിനിമകളായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര. മലയാള സിനിമയ്ക്ക് തീരാ നഷ്ടമാണ് സംഭവിച്ചതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം ഇന്ന് തിരുവനന്തപുരം വഴുതക്കാട് മീനാക്ഷി മന്ദിരത്തിൽ എത്തിക്കും. ഇന്ന് വൈകുന്നേരം ശാന്തി കവാടത്തിലാണ് സംസ്കാരം.