ന്യൂഡൽഹി: മദ്യനയ കുഭകോണ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രണ്ട് മുതിർന്ന നേതാക്കളും ജയിലിൽ തുടരുന്നതിനിടെയാണ് ആം ആദ്മിക്കും സർക്കാരിനും പുതിയ തിരിച്ചടിയായാണ് ഏഴ് വകുപ്പുകളുടെ ചുമതല വഹിക്കുന്ന മന്ത്രി രാജ്കുമാർ ആനന്ദ് പാർട്ടി വിട്ടത്. സാമൂഹിക ക്ഷേമം, തൊഴിൽ, പട്ടികജാതി-വർഗം, സഹകരണം തുടങ്ങി ഏഴ് വകുപ്പുകളുടെ ചുമതലയുണ്ടായിരുന്ന മന്ത്രിയുടെ രാജിയോടെ സർക്കാർ ഭരണപരമായി വെട്ടിലായി.
രാജിവെക്കുകയോ സ്ഥാനമൊഴിയുകയോ ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകളുടെ ചുമതല സ്വാഭാവികമായും മുഖ്യമന്ത്രിയിലേക്ക് എത്തുമെങ്കിലും കെജ്‌രിവാൽ ജയിലിലായതിനാൽ പുതിയ സാഹചര്യം സർക്കാരിനെ വെട്ടിലാക്കി. ജയിലിൽ നിന്നുള്ള ഭരണം അനുവദിക്കില്ലെന്ന് ലെഫ്. ഗവർണർ വി.കെ സക്സേന നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇനി ലൈഫ്. ഗവർണറുടെ നീക്കം നിർണായകമാണ്. സംസ്ഥാനത്ത് ഭരണപ്രതിസന്ധിയെന്ന് റിപ്പോർട്ട് നൽകിയാൽ രാഷ്‌ട്രപതിക്ക് ഇടപെടാവുന്നതാണ്.
അഴിമതി വിരുദ്ധ ഗ്രൂപ്പിൽ നിന്ന് അഴിമതി പാർട്ടിയിലേക്കുള്ള പതനമാണ് ആംആദ്മിയിൽ സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് രാജ്കുമാർ ആനന്ദ് മന്ത്രിസ്ഥാനം രാജിവച്ചത്. അഴിമതിക്കെതിരെ ആംആദ്മിയുടെ പോരാട്ടത്തിൽ പങ്കുച്ചേരാനായി ആവേശഭരിതനായാണ് പാർട്ടിയിൽ ചേർന്നതെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയം മാറിയാൽ രാജ്യം മാറുമെന്നാണ് അരവിന്ദ് കെജ്‌രിവാൾ അന്ന് പറഞ്ഞത്. എന്നാൽ ഇന്ന് രാഷ്‌ട്രീയം മാറിയിട്ടില്ലെങ്കിലും രാഷ്‌ട്രീയക്കാർ മാറിയിട്ടുണ്ടെന്നും അദ്ദേഹം പരിഹസിച്ചു.
പാർട്ടി ഇന്ന് അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാൻ രാജി വയ്‌ക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംആദ്മി പാർട്ടിയിൽ ദളിത് എംഎൽഎയോ കൗൺസിലറോ ഇല്ല. ദളിതർക്ക് വേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ലെങ്കിൽ പാർട്ടിയിലിരുന്നിട്ട് കാര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.















