കൽപ്പറ്റ: സിപിഎം തീവ്രവാദ സംഘടനയായി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. കേരളത്തിൽ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ആസൂത്രിതമായ നീക്കമാണ് പാനൂരിലുണ്ടായ ബോബ് സ്ഫോടനമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസിനെയും ബിജെപിയെയും ഇല്ലായ്മ ചെയത് ഏത് നിലയ്‌ക്കും മുസ്ലീം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ കൂടെ നിർത്താൻ വേണ്ടിട്ടുള്ള രാഷ്‌ട്രീയ ഇടപെടലിന്റെ ഭാഗം കൂടിയാണ് സ്ഫോടനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാന രീതിയിൽ എത്ര സ്ഥലങ്ങളിൽ ബോംബ് നിർമ്മിക്കുന്നുണ്ടെന്ന് ആരും അന്വേഷിച്ചിട്ടില്ല. സംഭവത്തിന് ശേഷം യാതൊരുവിധ പരിശോധനയും മറ്റ് സ്ഥലങ്ങളിൽ പൊലീസ് പരിശോധന നടത്തിയിട്ടില്ല. എന്താണ് ബോംബ് നിർമ്മാണത്തിന്റെ ലക്ഷ്യമെന്ന് അന്വേഷിക്കാൻ പൊലീസ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
കോൺഗ്രസ് പ്രശ്നത്തെ ശരിയായി രീതിയിൽ പരിഹരിക്കാതെ ഇതിനെ മുതലെടുക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ആർഎസ്എസ്-ബിജെപി നേതാക്കളെ ലക്ഷ്യം വച്ചാണ് ബോംബ് നിർമ്മാണം നടന്നതെന്ന് അറിഞ്ഞതോടെ കോൺഗ്രസ് മെല്ലേ വലിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം ആറ്റിങ്ങൾ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി വി. മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം നടന്നിരുന്നു. ഡിവൈഎഫ്ഐയുടെ ഉന്നതരായ നേതാക്കളാണ് ഇതിൽ പ്രതികളായിട്ടുള്ളത്. ഇത്തരം പ്രശ്നങ്ങളെ നിസാരവത്കരിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.















