എല്ലാ മനുഷ്യന്റെയുള്ളിലും ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്ന സന്ദേശവുമായാണ് ‘ജയ് ഗണേഷ്’ ഇന്ന് തിയേറ്ററിലെത്തിയത്. ജീവിതത്തിൽ അസാധ്യമായ പലതിനെയും പരിശ്രമങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നതാണ് കഥ. അതുകൊണ്ട് തന്നെ ജയ് ഗണേഷിൽ സസ്പെൻസും ട്വിസ്റ്റും ത്രില്ലറുമെല്ലാമുണ്ട്. രഞ്ജിത്ത് ശങ്കറിന്റെ മറ്റ് ചിത്രങ്ങളെ പോലെ തന്നെ സാമൂഹ്യപ്രാധാന്യമുള്ള വിഷയത്തെക്കുറിച്ച് പ്രേക്ഷകർക്ക് മികച്ച സന്ദേശം നൽകുന്ന ചിത്രം കൂടിയാണ് ജയ്ഗണേഷ്.
കോളേജിൽ പഠിക്കുന്ന കാലത്ത് അപകടത്തിൽ കാലുകൾ നഷ്ടപ്പെട്ട ഗണേഷെന്ന സാധാരാണ ചെറുപ്പക്കാരന്റെ ജീവിതത്തിലെ സംഭവങ്ങളാണ് ജയ് ഗണേഷ്. പ്രതിസന്ധികളെ വെല്ലുവിളികളായി നേരിട്ട് തന്റെ കഴിവുകളിലൂടെ ജീവിതത്തെ അതിജീവിക്കുകയാണ് ഗണേഷ്. ഗ്രാഫിക്സ് ഡിസൈനിംഗിലെ അസാമാന്യമായ കഴിവുകൊണ്ട് ഒരു കേസിലെ ഗതികളും മാറ്റി എടുക്കുന്നു.
ഒരു അനിമേഷൻ കഥയും ഗണേഷ് എഴുതുകയാണ്, ജയ് ഗണേഷ് എന്നാണ് ഇതിന് നൽകിയിരിക്കുന്ന പേര്. കുട്ടികൾക്കിടയിൽ ജയ് ഗണേഷ് തരംഗമാകുമ്പോൾ ഗണേഷും താൻ അറിയാതെ ഒരു സൂപ്പർ ഹീറോ ആയി മാറുന്നു. ഇവിടെ നിന്നുമാണ് ജയ് ഗണേഷ് എന്ന സൂപ്പർ ഹീറോ ഉദിക്കുന്നത്. പ്രതിസന്ധികൾ, നിരാശകൾ, പോരാട്ടങ്ങൾ ഇവയൊക്കെയും അതിജീവിക്കുകയാണ് ഗണേഷ്. ഇവയൊക്കെയും കഴിയുമ്പോൾ ത്രില്ലടിപ്പിക്കുന്ന നിമിഷങ്ങളിലേക്ക് സിനിമ നമ്മളെ കൊണ്ട് പോകുന്നു. ഒരു സാധാരണ മനുഷ്യൻ തന്റെ അറിവുകൾ ഉപയോഗിച്ച് വലിയൊരു കേസ് എങ്ങനെ അന്വേഷിക്കാമെന്നാണ് സിനിമ അടയാളപ്പെടുത്തുന്നത്. ഇതിലൂടെ എല്ലാ മനുഷ്യന്റെയുള്ളിലും കഴിവുകളും അതിജിവിക്കാനുള്ള സഹനശക്തിയും ഉണ്ടെന്ന സന്ദേശവും നൽകുകയാണ്.
ഉണ്ണി മുകുന്ദന്റെ വേറിട്ട പ്രകടനമാണ് സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു ഘടകം. ദിവ്യംഗനായ ഒരാളുടെ വീൽചെയറിലെ ജീവിതവും ഉണ്ണിമുകുന്ദൻ നന്നായി അവതരിപ്പിച്ചു. തന്റെ ഉള്ളിലെ എല്ലാ വികാരങ്ങളും ഉച്ചത്തിലുള്ള ശബ്ദത്തിലൂടെയും വിവിധ ഭാവങ്ങളിലൂടെയുമാണ് ഗണേഷ് അറിയിച്ചത്.
തിരക്കഥയും സംവിധാനവും മികച്ച രീതിയിൽ കൈകാര്യം ചെയ്ത രഞ്ജിത്ത് ശങ്കർ സിനിമയിൽ മാലിന്യ പ്രശ്നത്തിനും പ്രധാന്യം കൊടുക്കുന്നു. സിനിമയിൽ എടുത്തു പറയേണ്ട മറ്റൊരു കാര്യം എഡിറ്റിംഗാണ്. ഇഴച്ചിൽ ഇല്ലാതെ സസ്പെൻസും ത്രില്ലറും നിലനിർത്താൻ എഡിറ്റർക്കും സാധിച്ചു. ശങ്കര്‍ ശര്‍മ്മയുടെ സംഗീതവും കൂടെയാകുമ്പോൾ സിനിമ പൂർണമായും പ്രേക്ഷകരോട് നീതിപുലർത്തുന്നു.
ചിത്രത്തിൽ നായിക ആയി എത്തുന്നത് മഹിമ നമ്പ്യാരാണ്. നീണ്ട ഇടവേളയ്‌ക്ക് ശേഷം ജോമോളും പ്രധാന കഥാപാത്രത്തിൽ ചിത്രത്തിൽ എത്തുന്നുണ്ട്. ഉണ്ണി മുകുന്ദന്റെ അച്ഛനായെത്തുന്ന അശോകനും ചിത്രത്തിൽ വളരെ പ്രാധാന്യമുണ്ട്. സിനിമയിലെ ഓരോ അഭിനേതാക്കളും ഒപ്പത്തിനൊപ്പം മികച്ച പ്രകടനം കാഴ്‌ച്ച വെച്ചെന്നു ആസ്വാധകർ സാക്ഷ്യപെടുത്തുമ്പോൾ കാണാൻ കാത്തിരിക്കുന്നവർക്കും ആവേശം ഉയരുകയാണ്.