വിഷു ചിത്രങ്ങളിൽ പ്രീ റിലീസിൽ വൻ ഹൈപ്പ് കിട്ടിയ സിനിമയാണ് ആവേശം. രോമാഞ്ചം എന്ന തന്റെ ആദ്യ സിനിമ ഒരു സർപ്രൈസ് ബ്ലോക്ക് ബസ്റ്റർ അടിച്ചത് കൊണ്ടാകും ജിത്തു മാധവന്‍ അതേ പാറ്റേണിൽ രണ്ടാമത്തെ ചിത്രവും എടുത്തത്. എന്നാൽ സമ്മിശ്ര പ്രതികരണങ്ങളാണ് റിലീസ് ദിവസം ചിത്രം നേടിയിരിക്കുന്നത്. ഫഹദ് ഫാസിൽ ഇതുവരെ പരീക്ഷിച്ചിട്ടില്ലാത്ത തരം കഥാപാത്രമെന്ന് അവകാശപ്പെട്ട ‘രംഗണ്ണനെ’ ചുറ്റിപ്പറ്റിയാണ് കഥ.
‘രോമാഞ്ചം’ ബെംഗളൂരുവിലെ ഒരു വാടക വീട്ടിൽ ഒരുമിച്ചു താമസിക്കുന്നവരുടെ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ, ഇവിടെ കോളേജ് ഹോസ്റ്റലിലെ മലയാളികളായ കുറച്ചു വിദ്യാർത്ഥികളുടെ പ്രശ്നമാണ് ജിത്തു പറഞ്ഞത്. സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ്ങിൽ നിന്നും രക്ഷപ്പെടാൻ ആഗ്രഹിക്കുന്ന മൂന്ന് വിദ്യാർത്ഥികൾ. ഇവരുടെ രക്ഷകനായാണ് രംഗൻ എത്തുന്നത്. രംഗണ്ണനുമായിട്ടുള്ള വിദ്യാർത്ഥികളുടെ കൂട്ടുക്കെട്ടും തുടർന്ന് നടക്കുന്ന ചില സംഭവ വികാസങ്ങളിലേക്കുമാണ് ജിത്തു പ്രേക്ഷകരെ എത്തിക്കുന്നത്.
ആവേശത്തിൽ കഥയെക്കാളും ആക്ഷൻ രംഗങ്ങൾക്കും സംഗീതത്തിനുമാണ് പ്രാധാന്യം. രോമാഞ്ചത്തിൽ നിന്നും ആവേശത്തിലെത്തുമ്പോൾ കോമഡി എലമെന്റ് പൂർണമായും പ്രേക്ഷകർക്ക് ദഹിച്ചിട്ടില്ല. മാമന്നനിലെ രത്നവേൽ കുമ്പളങ്ങിയിലെ ഷമ്മി തുടങ്ങിയ കഥാപാത്രങ്ങളുമായി ചെറുതല്ലാത്ത സാദൃശ്യം കന്നഡച്ചുവയുള്ള രംഗണ്ണനിലും കാണാം. അതിനാൽ, ഇതുവരെ കണ്ടിട്ടില്ലാത്ത ഫഹദാണ് സിനിമയിലുള്ളതെന്ന് സമർത്ഥിക്കാൻ കഴിയില്ല.
രംഗയുടെ വലംകൈ ഗുണ്ടയായെത്തിയ സജിൻ ഗോപുവും ഇത്തവണ കൈയടി നേടിയിട്ടുണ്ട്. ഹിപ്സ്റ്റര്‍, മിഥുന്‍ ജയ്‍ശങ്കര്‍, റോഷന്‍ ഷാനവാസ് തുടങ്ങി ഒരു കൂട്ടം നവാഗതരാണ് ഫഹദിനൊപ്പം പ്രധാനവേഷത്തിലെത്തിയത്. ഒരു എന്റർടെയ്ൻമെന്റ് പാക്കാണ് ചിത്രമെങ്കിലും ഇടയ്‌ക്കെങ്കിലും കഥയില്ലാതെ ആട്ടമാടുന്നതായും തോന്നും രീതിയിലാണ് ഒഴുക്ക്.