ന്യൂഡല്‍ഹി: 1974ല്‍ കച്ചത്തീവിനെ ശ്രീലങ്കയ്‌ക്ക് വിട്ടുകൊടുത്ത നടപടിയെ ന്യായീകരിച്ച് സംസാരിച്ച കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കച്ചത്തീവ് വളരെ ചെറിയ ദ്വീപാണെന്നും അവിടെ ആരും താമസമില്ലെന്നുമാണ് ദിഗ്‌വിജയ് സിംഗ് പറഞ്ഞത്. ആരും അവിടെ താമസമില്ലെന്ന് കരുതി നിങ്ങള്‍ക്ക് അത് മറ്റാര്‍ക്കെങ്കിലും വെറുതെ നല്‍കാമെന്നാണോ അര്‍ത്ഥമെന്ന് പ്രധാനമന്ത്രി ചോദിച്ചു. രാജസ്ഥാനിലെ കരൗലിയില്‍ നടന്ന ഒരു പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
” കച്ചത്തീവില്‍ ആരും താമസമില്ലെങ്കില്‍ അത് വെറുതെ മറ്റൊരു രാജ്യത്തിന് നല്‍കാമെന്നാണോ നിങ്ങള്‍ കരുതുന്നത്? അങ്ങനെ ആണെങ്കില്‍ ഇവിടം ഒരു മരുഭൂമിയാണ്. ഇവിടെ ആരും താമസിക്കുന്നില്ലെന്ന് പറഞ്ഞ് നിങ്ങള്‍ ഈ സ്ഥലം മറ്റൊരാള്‍ക്ക് കൊടുക്കുമോ? ഒരു നാട്ടില്‍ ജനവാസമില്ലാത്ത സ്ഥലം ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസിന് വെറും ഒരു തുണ്ട് ഭൂമി മാത്രമാണ്. രാജസ്ഥാനിലെ ഏത് സ്ഥലവും അങ്ങനെ അവര്‍ കൊടുത്തേക്കുമെന്നും” പ്രധാനമന്ത്രി വിമര്‍ശിച്ചു.
അക്‌സായ് ചിന്‍ തരിശുഭൂമിയാണെന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പരാമര്‍ശത്തിന് സമമാണ് ദിഗ്‌വിജയ് സിംഗിന്റെ വാക്കുകള്‍ എന്ന് ബിജെപി നേതാക്കള്‍ ചൂണ്ടിക്കാട്ടി. തമിഴ്‌നാട് ബിജെപി അദ്ധ്യക്ഷന്‍ കെ അണ്ണാമലൈയും ദിഗ്‌വിജയ് സിംഗിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു. രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്തതില്‍ കോണ്‍ഗ്രസിന് ഇപ്പോഴും കുറ്റബോധമില്ലെന്ന് അണ്ണാമലൈ ആരോപിച്ചു. ‘
‘ രാജ്യത്തിന്റെ അഖണ്ഡതയില്‍ വിട്ടുവീഴ്ച ചെയ്തതിനും, നമ്മുടെ മത്സ്യത്തൊഴിലാളികളുടെ
ജീവന്‍ അപകടത്തിലാക്കിയതിനും കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോഴും ഒരു കുറ്റബോധവും കാണിക്കുന്നില്ല. ഒരു പുല്ല് പോലും മുളയ്‌ക്കാത്ത സ്ഥലമെന്നാണ് അക്‌സായി ചിന്നിന്റെ കാര്യത്തില്‍ കോണ്‍ഗ്രസുകാര്‍ പറഞ്ഞത്. ഇപ്പോള്‍ കച്ചത്തീവിന്റെ കാര്യം വരുമ്പോള്‍ അവിടെ ആരാണ് താമസിക്കുന്നത് എന്നാണ് അവര്‍ ചോദിക്കുന്നത്. കോണ്‍ഗ്രസിന്റെ ചിന്താഗതിയെ ആണ് ഇത്തരം പ്രസ്താവനകള്‍ പ്രതിഫലിപ്പിക്കുന്നത്”. അണ്ണാമലൈ പറഞ്ഞു.















