തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാത്ത് ലാബിൽ അനധികൃതമായി പണം സൂക്ഷിക്കുന്നതായി പരാതി. കഴിഞ്ഞ മൂന്ന് മാസമായി രോഗികളിൽ നിന്ന് വാങ്ങിയ തുക ആശുപത്രി വികസന സമിതി, കമ്പനികൾ എന്നിവർക്ക് നൽകിയിട്ടില്ലെന്ന് കണ്ടെത്തി. കാത്ത് ലാബ് ജീവനക്കാരന്റെ സസ്പെൻഷനുമായി ബന്ധപ്പെട്ട് അക്കൗണ്ട്‌സ് ഓഫീസർ നടത്തിയ അന്വേഷണ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
ചികിത്സയ്‌ക്ക് എത്തുന്ന രോഗികളിൽ നിന്ന് വാങ്ങുന്ന തുക രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലും വൈരുധ്യം നിലനിൽക്കുന്നു. ക്യാഷ്ബുക്ക്, തുക നേരിട്ട് അടയ്‌ക്കുന്ന രോഗികൾ ആരൊക്കെ, കാസ്പ്, കാരുണ്യ, മെഡിസെപ് തുടങ്ങിയവയ്‌ക്കു തരംതിരിച്ച് രജിസ്റ്ററുകളും കണ്ടെത്താനായില്ല. കാത്ത് ലാബ് ജീവനക്കാരുടെ അനാസ്ഥയാണ് ഇത്തരം ഗുരുതര സംഭവങ്ങൾക്ക് പിന്നിലെന്നും റിപ്പോർട്ടിലുണ്ട്.
കാത്ത് ലാബിലേക്ക് ഉപകരണങ്ങൾ നൽകുന്ന കമ്പനികൾക്ക് കൃത്യമായ പണം നൽകുന്നില്ലെന്നും അനധികൃതമായി പണം മാസങ്ങളായി സൂക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി വിജിലൻസിലും ആരോഗ്യമന്ത്രിക്കും പൊതുപ്രവർത്തകനായ ആർ.എസ്.രാജീവ് പരാതി നൽകി. പരാതിയെത്തുടർന്ന് ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറോട് ആരോഗ്യമന്ത്രിയുടെ ഓഫീസ് റിപ്പോർട്ട് തേടി.