ശ്രീനഗർ: ജമ്മു കശ്മീരിന് ഉടൻ സംസ്ഥാന പദവി ഉറപ്പ് നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുദൂരം മുൻപിലാണ് മോദി ചിന്തിക്കുന്നതെന്നും കഴിഞ്ഞ പത്ത് വർഷക്കാലം സംഭവിച്ചത് ട്രെയിലർ ട്രെയിലർ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉധംപൂരിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ജമ്മു കശ്മീരിനെ നവീകരിക്കാനായി എനിക്ക് തിടുക്കമുണ്ട്. ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് എന്നത് വിദൂരമല്ലെന്ന് സംസ്ഥാന പദവി ലഭിക്കുമെന്ന് ഉറപ്പ് നൽകി പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഇവിടുത്തെ എംഎൽഎമാരിലൂടെയും മന്ത്രിമാരിലൂടെയും പങ്കിടാൻ ജനങ്ങൾക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അധികാരത്തിനുവേണ്ടി ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 എന്ന മതിൽ പണിതു. എന്നാൽ ജനങ്ങളുടെ അനുഗ്രഹത്താൽ ആ മതിൽ മോദി തകർത്തു. ഞാനും ആ മതിലിന്റെ അവശിഷ്ടങ്ങൾ മണ്ണിൽ കുഴിച്ചിട്ടു. കോൺഗ്രസ് എന്നല്ല ഇന്ത്യയിലെ മറ്റൊരു രാഷ്‌ട്രീയ പാർട്ടിയും ആർട്ടിക്കിൾ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാൻ സാധിക്കില്ല. ജനം അവരെ തിരിഞ്ഞ് പോലും നോക്കില്ലെന്ന് നിസംശയം പറയാമെന്നും നരേന്ദ്ര മോദി ഉധംപൂരിൽ പറഞ്ഞു.
60 വർഷത്തെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അവ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകൾക്ക് ഇന്ന് സമൂഹത്തിൽ ബഹുമാനവും അന്തസും ലഭിക്കുന്നു. പാവപ്പെട്ടവർ ഇന്ന് പട്ടിണി അറിയുന്നില്ല. ഇന്ന് ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് കുടുംബങ്ങൾക്ക് അടുത്ത 5 വർഷത്തേക്ക് സൗജന്യ റേഷൻ ഉറപ്പ് നൽകാൻ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.















