വർഷങ്ങൾക്ക് ശേഷം എന്ന വിനീത് ശ്രീനിവാസന്റെ ചിത്രമാണ് ഇന്ന് സിനിമാ ലോകത്ത് ചർച്ചചെയ്യപ്പെടുന്നത്. യുവതാരനിരയെ അണിനിരത്തി പ്രേക്ഷക ഹൃദയങ്ങളിൽ സൗഹൃദത്തിന്റെ വ്യത്യസതമായൊരു കഥ സമ്മാനിച്ചിരിക്കുകയാണ്. ചിത്രത്തെ കുറിച്ച് മികച്ച പ്രതികരണങ്ങളാണ് പ്രേക്ഷകർ പങ്കുവക്കുന്നത്. ഇതിൽ എടുത്തുപറയേണ്ടത് നിവിൻ പോളിയുടെ പ്രകടനത്തെ കുറിച്ചാണ്. സെക്കൻഡ് ഹാഫിൽ കയ്യടി നേടിയത് മുഴുവൻ നിവിൻ പോളിയായിരുന്നു.
അതിഥി വേഷത്തിലെത്തുന്ന നിവിനാണ് ചിത്രത്തെ ലാഗില്ലാതെ കൊണ്ടുപോയതെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇതിനിടെ വിനീത് ശ്രീനിവാസനെയും പ്രശംസിച്ച് നിരവധി പേർ രംഗത്തെത്തി.
നിവിനെ കുറിച്ചുള്ള വിനീത് ശ്രീനിവാസന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കാഹളം മുഴക്കുവാൻ ജനസാഗരം, ഇതതിമാരകം എന്നാണ് വിനീത് കുറിക്കുന്നത്. നിവിൻ ചിത്രത്തിൽ പറയുന്ന പഞ്ച് ഡയലോഗും കൂട്ടിച്ചേർത്തിട്ടുണ്ട്. നിവിൻ പോളിയുടെ ചിത്രത്തോടൊപ്പമാണ് പോസ്റ്റ് പങ്കുവച്ചത്.
കമന്റ് ബോക്സ് നിറയെ സിനിമയിൽ നിവിൻ പറഞ്ഞ മാസ് ഡയലോഗുകളാണ്. അതിമനോഹരമെന്നും നിവിൻ തകർത്ത് അഭിനയിച്ചെന്നും പ്രേക്ഷകർ പറയുന്നു. ചിത്രത്തിന്റെ നിർമാതാവായ വിശാഖ് സുബ്രഹ്മണ്യന് നന്ദി അറിയിച്ചും വിനീത് പോസ്റ്റിട്ടുണ്ട്. എന്നെ വിശ്വസിച്ചതിനും എന്നോടൊപ്പം ഉണ്ടായിരുന്നതിനും ആത്മവിശ്വാസം നൽകിയതിനും നന്ദിയെന്ന് വിനീത് ശ്രീനിവാസൻ ഫെയ്സ്ബുക്കിൽ കുറിച്ചു.