മേജർ മുകുന്ദ് വരദരാജന്റെ ജീവിതത്തെ ആസ്പദമാക്കി പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് അമരൻ. ശിവകാർത്തികേയനാണ് മുകുന്ദ് വരദരാജനായി ചിത്രത്തിലെത്തുന്നത്. യുദ്ധത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രം രാജ്കുമാർ പെരിയ സ്വാമിയാണ് സംവിധാനം ചെയ്യുന്നത്. സായ് പല്ലവിയാണ് അമരനിലെ നായിക. ചിത്രം സെപ്തംബറിൽ തിയേറ്ററുകളിലെത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
ഭുവൻ അറോറ, രാഹുൽ ബോസ്, വികാസ് ബംഗർ എന്നീ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷത്തിലെത്തുന്നു. കശ്മീരിലുൾപ്പെടെയാണ് ചിത്രീകരണം നടന്നത്. കമൽഹാസന്റെ രാജ് കമലിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതവും യുദ്ധ പശ്ചാത്തലവുമാണ് ആരാധകർക്കും കൂടുതൽ പ്രതീക്ഷയ്‌ക്ക് വക നൽകുന്നത്.
നിരവധി സൂപ്പർ ഹിറ്റ് സിനിമകളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് ശിവകാർത്തികേയൻ. റെമോ, ഡോക്ടർ, ഡോൺ, പ്രിൻസ്, മാവീരൻ തുടങ്ങിയ ചിത്രങ്ങൾ ബോക്സോഫീസിൻ വൻ കളക്ഷനാണ് സ്വന്തമാക്കിയിരുന്നത്. മേജർ മുകുന്ദ് വരദരാജന്റെ ജീവിതം സ്ക്രീനിലെത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. മലയാളികൾക്കിടയിലും ശിവകാർത്തികേയന്റെ ആരാധകർ ഏറെയാണ്.