എറണാകുളം: 16 മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ കോതമംഗലത്തെ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ ആനയെ കരയ്‌ക്കെത്തിച്ചു. ആനയെ മയക്കുവെടി വയ്‌ക്കാതെ പിടികൂടിയതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ആന ജനവാസ മേഖലയിൽ തുടരുമെന്നും വനംവകുപ്പ് നൽകിയ ഉറപ്പുകൾ പാലിച്ചില്ലെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി.ആരോപിച്ചുമാണ് ജനങ്ങൾ രംഗത്തെത്തിയിരിക്കുന്നത്.
കാട്ടാന ഭീഷണി നേരിടുന്ന പ്രദേശമാണ് ഇത്. കരക്കെത്തിച്ച ആനയെ കാട്ടിലേക്ക് ഓടിച്ച് വിടുകമാത്രമാണ് വനം വകുപ്പ് ചെയ്തതെന്നും ആന ജനവാസ മേഖലയിൽ തന്നെയാണ് തുടരുന്നതെന്നും നാട്ടുകാർ ആരോപിച്ചു. അതിനാൽ ആന ഇനിയും ജനവാസ മേഖലയിലേക്ക് തന്നെ എത്തുമെന്ന ആശങ്കയും ജനങ്ങൾ പങ്കുവച്ചു.
വന്യമൃഗ ശല്യം നിമിത്തം ദുരിതമനുഭവിക്കുന്ന തങ്ങളെ വനം വകുപ്പ് ചതിക്കുകയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പുലർച്ചെ 2 മണിയോടെയായിരുന്നു മൂന്ന് ആനകൾ കോട്ടപ്പടി മേഖലയിൽ എത്തിയത്. ആനയെ കാടുകയറ്റാൻ നാട്ടുകാർ ശ്രമിക്കുന്നതിനിടെയാണ് പത്ത് വയസ് പ്രായമുള്ള കൊമ്പൻ കിണറ്റിൽ വീണത്. പത്തോളം കുടുംബങ്ങൾ കുടിവെള്ളത്തിനായി ഉപയോഗിക്കുന്ന കിണറിൽ ആയിരുന്നു ആന വീണത്. രാവിലെ വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തുന്നതിന് മുമ്പ് തന്നെ ആന കിണറിന്റെ ഭിത്തി തകർത്ത് കയറാനുള്ള ശ്രമം ആരംഭിച്ചിരുന്നു.
ആനകളുടെ ശല്യത്തിന് ശാശ്വത പരിഹാരം കാണാം, ആനകൾ നശിപ്പിച്ച കൃഷിക്ക് നഷ്ടപരിഹാരം, കിണറ്റിൽ വീണ ആനയെ മയക്കുവെടി വച്ച് പുതിയ മേഖലയിലേക്ക് മാറ്റും, ആന വീണ കിണർ നന്നാക്കിയെടുക്കാൻ സഹായം ചെയ്യും തുടങ്ങി ഒട്ടേറെ ഉറപ്പുകൾ നൽകിയാണ് വനം വകുപ്പ് ആനയെ കരയ്‌ക്കു കയറ്റുന്നതിന് ജനങ്ങളുടെ സഹകരണം ഉറപ്പാക്കിയത്. എന്നാൽ അപ്രതീക്ഷിതമായി പെയ്ത മഴയുടെ മറവിൽ വനം വകുപ്പ് ആനയെ കരയ്‌ക്ക് കയറ്റി വനമേഖലയിലേക്ക് വിടുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അധികൃതർ തങ്ങളെ ചതിക്കുകയായിരുന്നെന്ന് ആരോപിച്ച ജനങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥരേയും ജെസിബി ഓപ്പറേറ്ററയും തടഞ്ഞുവച്ചു. ഏറെ പ്രയാസപ്പെട്ടാണ് ജനക്കൂട്ടത്തെ വനപാലകർ ശാന്തരാക്കിയത്. പെരുമ്പാവൂർ, കോതമംഗലം എംഎൽഎമാരും സ്ഥലത്തെത്തി. കിണർ നന്നാക്കണമെങ്കിൽ കുറഞ്ഞത് 3 ലക്ഷം രൂപയെങ്കിലും ആവശ്യമാണെന്നതും ജനങ്ങൾ ചൂണ്ടിക്കാട്ടി.















