മുംബൈ: ഐപിഎല്ലിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് ഇഷാൻ കിഷനെ പുറത്താക്കുന്നത്. ഇപ്പോൾ മുംബൈ ഇന്ത്യൻസിനായി മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന താരം, ആദ്യമായി ബിസിസിഐയുടെ കരാർ നഷ്ടമായതിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.
ക്രിക്കറ്റിൽ നിന്ന് ഞാൻ ഇടവേളയെടുത്ത സമയത്ത് ഒരുപാട് വിമർശനങ്ങളുണ്ടായി. ആ സമയത്ത് ഞാൻ പരിശീലനത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. സോഷ്യൽ മീഡിയയിലടക്കം പല വിമർശനങ്ങളും തനിക്കെതിരെ ഉയർന്നു, അതിൽ അധിക്ഷേപങ്ങളും ഉണ്ടായി. താരമെന്ന നിലയിൽ തനിക്ക് കൈകാര്യം ചെയ്യാൻ സാധിക്കാത്ത കാര്യങ്ങളുണ്ടെന്ന് എല്ലാവരും മനസിലാക്കണമെന്നും ഇഷാൻ കൂട്ടിച്ചേർത്തു.
നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഒരേയൊരു കാര്യം കിട്ടുന്ന അവസരങ്ങൾ ശരിയായി വിനിയോഗിക്കുക എന്നതാണ്. ആക്രമിച്ച് കളിക്കുക എന്നതാണ് തന്റെ ശൈലിയെന്നും ഇഷാൻ പറഞ്ഞു. ടി20യിലെ ഓരോ ഓവറും പ്രധാനപ്പെട്ടത്. ആദ്യത്തെ മത്സരങ്ങളിൽ തോറ്റെങ്കിലും ഞങ്ങൾ ഒറ്റക്കെട്ടായി മത്സരത്തെ നേരിടുകയാണ്. തനിക്ക് മികച്ച പ്രകടനം പുറത്തെടുക്കാൻ കഴിയാതെ പോയ മത്സരങ്ങളിൽ സഹതാരങ്ങളും മോശം പ്രകടനമാണ് പുറത്തെടുത്തത്. പിന്നാലെ പരാജയത്തിന്റെ കാരണം ടീമംഗങ്ങൾ ഒരുമിച്ച് കണ്ടെത്തി പരിഹരിച്ചുവെന്നും കിഷൻ വ്യക്തമാക്കി.