ചണ്ഡീഗഡ്: ഖാലിസ്ഥാൻ ഭീകരന്റെ സ്വത്തുക്കൾ എൻഐഎ കണ്ടുകെട്ടി. പഞ്ചാബ് ഫിറോസ്പൂർ സ്വദേശിയായ രമൺദീപ് സിംഗിന്റെ സ്വത്തുക്കളാണ് എഎൻഐ കണ്ടുകെട്ടിയത്. എൻഐഎ കോടതിയുടെ നിർദ്ദേശ പ്രകാരമാണ് ഭീകരന്റെ സ്വത്തുക്കൾ കണ്ടുകെട്ടിയത്. ഇയാളുടെ വസ്തുവകകൾ ഉൾപ്പെടെയാണ് കണ്ടുകെട്ടിയതെന്ന് എൻഐഎ അറിയിച്ചു.
ഖാലിസ്ഥാൻ ലിബറേഷൻ ഫോഴ്‌സ് (കെഎൽഎഫ്), ബബ്ബർ ഖൽസ ഇൻ്റർനാഷണൽ (ബികെഐ), ഇൻ്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ (ഐഎസ്‌വൈഎഫ്) തുടങ്ങിയ ഭീകരവാദ സംഘടനകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് സ്വത്തുക്കൾ കണ്ടുകെട്ടിയിരിക്കുന്നത്. 2022 ഓഗസ്റ്റ് 20-ന് രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് എൻഐഎയുടെ നടപടി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഭീകരവാദ സംഘടനകളുമായി പ്രതിക്ക് ബന്ധമുണ്ടെന്നും ആയുധങ്ങളും വെടിക്കോപ്പുകളും സ്ഫോടക വസ്തുക്കളും കൈമാറിയിരുന്നതായും എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി. ഭീകരവാദ സംഘടനകളെ തകർക്കുന്നതിനായുള്ള വിപുലമായ അന്വേഷണം തുടരുകയാണെന്ന് എൻഐഎ അറിയിച്ചു.