രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത് തിയേറ്ററിൽ മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുന്ന ചിത്രമാണ് ജയ് ഗണേഷ്. വളരെ വ്യത്യസതമായ കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ചിത്രം ഏറ്റെടുത്തതിന് ആരാധകർക്ക് നന്ദി അറിയിച്ച് ഫെയ്സ്ബുക്ക് ലൈവിൽ എത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദനും മഹിമാ നമ്പ്യാരും.
ചിത്രം വിജയിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും കുടുംബസമേതം തിയേറ്ററിൽ പോയി കാണണമെന്നും ഇരുവരും പറഞ്ഞു. താരങ്ങൾക്ക് ആശംസകൾ അറിയിച്ചും ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവച്ചും നിരവധി പേരാണ് ലൈവിൽ പ്രത്യക്ഷപ്പെട്ടത്. എല്ലാവരും ഒരുപാട് കഷ്ടപ്പെട്ട് എടുത്ത ചിത്രമാണെന്നും പ്രേക്ഷകർ സ്വീകരിച്ചതിന് നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.
“സിനിമയെ സിനിമയായിട്ട് കാണൂ. നെഗറ്റീവ് റിവ്യൂകളും വരുന്നുണ്ട്. വിനോദത്തിനായി മാത്രം സിനിമ കാണണം. നല്ലൊരു സിനിമ ചെയ്യണമെന്നത് നമ്മുടെ എപ്പോഴുമുള്ള ആഗ്രഹമാണ്. പ്രേക്ഷകർക്ക് നല്ലൊരു സന്ദേശം സിനിമയിലൂടെ കൊടുക്കാൻ സാധിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. തിയേറ്ററിൽ കാണേണ്ട ചിത്രമാണിത്. വ്യക്തി ജീവതവുമായി ബന്ധപ്പെടുത്തി സിനിമയെ കാണരുത്”- ഉണ്ണി മുകുന്ദൻ പറഞ്ഞു.
മാളികപ്പുറത്തിന് ശേഷം തിയേറ്ററുകളിലെത്തിയ ഉണ്ണി മുകുന്ദൻ ചിത്രമാണ് ജയ് ഗണേഷ്. ജോമോൾ, ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ള എല്ലാ വിഭാഗം പ്രേക്ഷകരെയും ആകര്‍ഷിക്കുന്ന കഥയാണ് ജയ് ഗണേഷ് പറയുന്നത്.