വിഘ്‌നേഷ് മുതൽ സഞ്ജയ് അഗർവാൾ വരെ; കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിഞ്ഞത് വ്യാജ പേരുകളിൽ; മുറിയെടുത്തത് വ്യാജ ആധാർ കാർഡ് നൽകി

Published by
Janam Web Desk

കൊൽക്കത്ത: രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ പ്രതികൾ ഒളിവിൽ കഴിയാൻ ഉപയോ​ഗിച്ചത് വ്യാജ ആധാർ കാർഡുകളിലെ വിലാസം. ഇന്ത്യയിലെ വിവിധ ഭാ​ഗങ്ങളിൽ നിന്നും മോഷ്ടിച്ച ഐഡന്റി കാർഡുകളും പ്രതികൾ ലോഡ്ജുകളിൽ നൽകിയതായും എൻഐഎ കണ്ടെത്തി. മുഖ്യ സൂത്രധാരനായ അബ്ദുൾ മത്തീൻ താഹ ക്രിപ്റ്റോ കറൻസി വഴിയാണ് സ്ഫോടനത്തിന് ഫണ്ട് സമാഹരിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി.

കഴിഞ്ഞ ദിവസമാണ് മുഖ്യസൂത്രധാരനായ അബ്ദുൾ മത്തീൻ താഹയേയും ബോംബ് സ്ഥാപിച്ച മുസാഫിർ ഹുസൈൻ ഷാസിബിനേയും കൊൽക്കത്തയിലെ ഒളിത്താവളത്തിൽ നിന്ന് എൻഐഎ അറസ്റ്റ് ചെയ്തത്. സ്ഫോടനത്തിന് ശേഷം ബെം​ഗളൂരു വിട്ട ഇരുവരും നാൽപത് ദിവസത്തോളം ബം​ഗാളിലായിരുന്നു പ്രധാനമായും ഒഴിവിൽ കഴിഞ്ഞത്.

സഞ്ജയ് അഗർവാൾ, ഉദയ് ദാസ്, ഉഷ പട്ടേൽ, വിഘ്‌നേഷ് തുടങ്ങിയ പേരുകളാണ് ഇവർ താമസിച്ച ലോഡ്ജുകളിൽ നൽകിയത്. നാല് ദിവസം മുൻപാണ് താഹയും ഷാസിബും അറസ്റ്റിലായ ന്യൂ ദി​ഗ ലോഡ്ജിൽ എത്തിയത്. ഡാർജിലിംഗിൽ നിന്ന് ചെന്നൈയിലേക്ക് പോകുകയാണെന്നാണ് ഇവർ ജീവനക്കാരോട് പറഞ്ഞത്.

കൊൽക്കത്തയിലെ രണ്ട് ഹോട്ടലുകളിൽ മഹാരാഷ്‌ട്രയിലെ പാൽഘർ സ്വദേശിയായ ഉഷ ഷാനവാസ് പട്ടേലിന്റെ പേരിലുള്ള ആധാർ കാർഡാണ് ഇവർ നൽകിയത്. മറ്റോരിടത്ത് കർണാടകയിൽ നിന്നുള്ള വിഘ്‌നേശ ബി ഡി, അൻമോൽ കുൽക്കർണി തുടങ്ങിയ പേരിലാണ് മുറിയെടുത്തത്.

കർണാടകയിലെ ശിവമോഗ ജില്ലയിലെ തീർത്ഥഹള്ളി സ്വദേശികളാണ് താഹയും ഷാസിബും. ഐടി എഞ്ചിനീയറായ താഹ ശിവമോഗ ആസ്ഥാനമായുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ തെക്കൻ മൊഡ്യൂളിന്റെ മുഖ്യ കണ്ണിയാണ്. സ്‌ഫോടന സ്ഥലത്ത് നിന്ന് ലഭിച്ച
ഷാസിബിന്റെ തൊപ്പിയാണ് അന്വേഷത്തിൽ നിർണ്ണായകമായത്. ചെന്നൈയിലെ ഒരു കടയിൽ നിന്നാണ് ഷാസിബ് തൊപ്പി വാങ്ങിയതെന്ന് അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ വിവരം ലഭിച്ചിരുന്നു.

Share
Leave a Comment