തിരുവനന്തപുരം; സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഒ റാങ്ക് ഹോൾഡേഴ്‌സ് സമരം അവസാനിപ്പിച്ചു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ കേൾക്കാൻ പോലും സർക്കാർ തയ്യാറായില്ല. എകെജി സെന്ററിലും ഡിവൈഎഫ്‌ഐ ഓഫീസിലും കയറി ഇറങ്ങി. സിപിഎം സംസ്ഥാന സെക്രട്ടറിയെ വരെ കാര്യങ്ങൾ ധരിപ്പിച്ചിട്ടും നടപടിയുണ്ടായില്ലെന്നും, തങ്ങളെ നികൃഷ്ട ജീവികളെ പോലെയാണ് കണ്ടെതെന്നും ഉദ്യോഗാർത്ഥികൾ തുറന്നടിച്ചു. വരുന്ന തെരഞ്ഞെടുപ്പിൽ ഇടതുസർക്കാരിനെതിരായ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു.
സെക്രട്ടറിയേറ്റിന് മുന്നിൽ നീണ്ട 62 ദിവസത്തെ അനിശ്ചിത കാലസമരമാണ് 530/2019 ഉദ്യോഗാർത്ഥികൾ അവസാനിപ്പിച്ചത്. പിഎസ്സിയെയും, അധികാരികളെയും സർക്കാരിനെയും വിമർശിച്ചുകൊണ്ടുള്ള ബോർഡുകളും പ്ലക്കാർഡുകളും നവകേരള സദസിൽ നൽകിയ പരാതികളുടെ സ്ലിപ്പും കത്തിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. യുവാക്കളുടെ തൊഴിലിന് വേണ്ടി വാതോരാതെ സംസാരിക്കുന്ന ഡിവൈഎഫ്‌ഐ സമരപന്തലിലേക്ക് എത്തിയില്ല. 11 മാസത്തിലധികം ഡിവൈഎഫ്‌ഐകാരുടെ പുറകെ നടന്നു. മുഖ്യമന്ത്രിയെ കാണാൻ അവസരം ഒരുക്കി നൽകാൻ ആവശ്യപ്പെട്ട് പിന്നാലെ നടന്നു. അവർ വഞ്ചിച്ചു. കേരളത്തിലെ യുവജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയാത്ത ഡിവൈഎഫ്‌ഐയ്‌ക്ക് രാജ്യത്തെ യുവജനതയുടെ പ്രശ്നത്തിന് പരിഹാരം കാണാനാകില്ല. ഇടത് സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ച നിരവധി യുവാക്കളെ വഞ്ചിച്ച സർക്കാരാണിത്.
സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള സർക്കാരിനെതിരെയുള്ള സമരം തുടരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെതിരെ ആന്റി-ഇലക്ഷൻ കാമ്പയിൻ നടത്തും. ഹൈക്കോടതിയിൽ നിന്ന് ലഭിച്ച ഇടക്കാല ഉത്തരവിലാണ് പ്രതീക്ഷ. ലിസ്റ്റിന്റെ കാലവധി രണ്ട് വർഷം കൂടി ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. കണ്ണ് തുറക്കാത്ത സർക്കാർ കണ്ണ് തുറന്ന് നിയമനം നടത്താൻ തയ്യാറാകണമെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.















