ടെഹ്റാൻ ; ഇസ്രായേൽ വ്യവസായിയുടെ കപ്പൽ ഇറാൻ പിടിച്ചെടുത്തതിനു പിന്നാലെ ഇസ്രായേൽ – ഇറാൻ സംഘർഷം തുറന്ന പോരിലേക്ക് നീങ്ങുന്നു. ഇസ്രായേലിലെ പ്രത്യേക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നൂറിലധികം ഡ്രോണുകൾ വിക്ഷേപിച്ചതായി ഇറാൻ അറിയിച്ചു.അതേസമയം, ഇറാനിൽ നിന്നുള്ള ഭീഷണികൾക്കെതിരെ ഇസ്രായേലിനെ പിന്തുണയ്‌ക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട് . ഇറാന്റെ ആക്രമണത്തെ അപലപിക്കാൻ അടിയന്തര യോഗം ചേരണമെന്ന് ഇസ്രായേൽ ഐക്യരാഷ്‌ട്രസഭയുടെ രക്ഷാസമിതിയോട് അഭ്യർത്ഥിച്ചു.
20 കിലോഗ്രാം സ്ഫോടകവസ്തുക്കൾ വഹിക്കാൻ ശേഷിയുള്ളതാണു ഡ്രോണുകൾ.ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ രണ്ടു മണിയോടെ തുടങ്ങിയ ഡ്രോൺ ആക്രമണം ഇസ്രയേലും സ്ഥിരീകരിച്ചു . യുഎസ്, ബ്രിട്ടീഷ് സൈന്യം ഈ ഡ്രോണുകളിൽ പലതും വെടിവച്ചു വീഴ്‌ത്തി . ജോർദാനും തങ്ങളുടെ വ്യോമാതിർത്തി ലംഘിച്ച ഡ്രോണുകൾ വെടിവച്ചു വീഴ്‌ത്തി . ഇറാൻ ചില ബാലിസ്റ്റിക് മിസൈലുകളും ഇസ്രായേലിന് നേരെ തൊടുത്തു.
‘ഇസ്രായേൽ കുറ്റകൃത്യങ്ങൾ’ക്കുള്ള ശിക്ഷയാണ് ഇതെന്നാണ് ഇറാന്റെ പ്രസ്താവന . ഏപ്രിൽ ഒന്നിന് ഡമാസ്‌കസ് കോൺസുലേറ്റ് ആക്രമണത്തിൽ ജനറൽമാരുൾപ്പെടെ ഏഴ് ഉന്നത ഉദ്യോഗസ്ഥർ കൊലപ്പെട്ടതിനെ പരാമർശിക്കുകയായിരുന്നു ഇറാൻ . ആക്രമണത്തിൽ തങ്ങളുടെ പങ്ക് ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല. “ഇസ്രായേൽ ഭരണകൂടം മറ്റൊരു തെറ്റ് ചെയ്താൽ, ഇറാന്റെ പ്രതികരണം ഗണ്യമായി കൂടുതൽ കഠിനമായിരിക്കും,” ഐക്യരാഷ്‌ട്രസഭയിലേക്കുള്ള ഇറാനിയൻ മിഷൻ പറഞ്ഞു.
സംഘർഷം കനത്തതോടെ ഇസ്രയേലും ജോർദാനും ഇറാഖും വ്യോമമേഖല അടച്ചു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേലിലെ വിമാനത്താവളവും അടച്ചു.ഇസ്രായേൽ സൈനിക വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി ആക്രമണത്തെ ഗുരുതരമായ കുറ്റമെന്നാണ് വിശേഷിപ്പിച്ചത് . “ഇത് ഗുരുതരവും അപകടകരവുമായ നീക്കമാണ്. ഇറാനിൽ നിന്നുള്ള ഈ ആക്രമണത്തിനെ പ്രതിരോധിക്കാൻ ഞങ്ങളുടെ നീക്കവും ശക്തമാക്കും ,” അദ്ദേഹം പറഞ്ഞു
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ടെൽ അവീവിൽ കാബിനറ്റ് യോഗം വിളിച്ചു ചേർത്തിട്ടുണ്ട് .ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിന് തന്റെ രാജ്യം തയ്യാറെടുക്കുകയാണെന്നും ഏത് സാഹചര്യവും നേരിടാൻ തങ്ങൾ തയ്യാറാണെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു പറഞ്ഞു. “അടുത്ത ദിവസങ്ങളിൽ , ഇസ്രായേൽ ഇറാന്റെ നേരിട്ടുള്ള ആക്രമണത്തിന് തയ്യാറെടുക്കുകയാണ്. ഞങ്ങൾ പ്രതിരോധ സംവിധാനങ്ങൾ വിന്യസിച്ചിട്ടുണ്ട്; പ്രതിരോധമായും ആക്രമണമായും ഏത് സാഹചര്യത്തിനും ഞങ്ങൾ തയ്യാറാണ്. ഇസ്രായേൽ രാഷ്‌ട്രം ശക്തമാണ്. ഐ.ഡി.എഫും, പൊതുജനവും ശക്തരാണ്, ”അദ്ദേഹം പറഞ്ഞു.
“ഇസ്രായേലിനൊപ്പം നിൽക്കുന്ന യുഎസിനെയും ബ്രിട്ടന്റെയും ഫ്രാൻസിന്റെയും മറ്റ് പല രാജ്യങ്ങളുടെയും പിന്തുണയെ ഞങ്ങൾ അഭിനന്ദിക്കുന്നു. ഞങ്ങൾ വ്യക്തമായ ഒരു തത്ത്വം നിർണ്ണയിച്ചിട്ടുണ്ട്: ഞങ്ങളെ ദ്രോഹിക്കുന്നവരെ ഞങ്ങൾ ഉപദ്രവിക്കും. ഏത് ഭീഷണിക്കെതിരെയും ഞങ്ങൾ സ്വയം പ്രതിരോധിക്കും, “ അദ്ദേഹം കൂട്ടിച്ചേർത്തു.















