കോട്ടയം: അച്ഛന്റെയോ സഹോദരന്റെയോ സ്ഥാനത്ത് നിന്ന് സ്‌നേഹിക്കാൻ തോന്നുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് പദ്മജ വേണുഗോപാൽ. താൻ ബിജെപിയിൽ ചേരാനുള്ള പ്രധാനകാരണം നരേന്ദ്രമോദിയാണെന്നും പദ്മജ പറഞ്ഞു. കോട്ടയത്തെ എൻഡിഎ സ്ഥാനാർത്ഥി തുഷാർ വെളളാപ്പളളിയുടെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അവർ.
തൃശൂരിൽ ഇത്തവണ താമര വിരിയുമെന്ന് കഴിഞ്ഞ ദിവസം പദ്മജ പറഞ്ഞിരുന്നു. തന്റെ സഹോദരനും തൃശൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ മുരളീധരനൊപ്പം നിൽക്കുന്നവർ പാരകളാണെന്നും അനുഭവത്തിന്റെ വെളിച്ചത്തിലാണിത് പറയുന്നതെന്നും പദ്മജ പറഞ്ഞിരുന്നു. രാജ്യത്ത് നിന്ന് അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കോൺഗ്രസ് ഇല്ലാതാകുമെന്നും ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ താമരവിരിയുമെന്നും പദ്മജ പറഞ്ഞിരുന്നു.
സ്ത്രീകളെ അവഗണിക്കാൻ മാത്രമാണ് കോൺഗ്രസ് എന്നും ശ്രമിച്ചിട്ടുള്ളത്. എന്നാൽ അവരെ കൈപിടിച്ച് മുൻനിരയിലേക്ക് കൊണ്ടുവരാൻ ബിജെപി അഹോരാത്രം പരിശ്രമിക്കുന്നു. രാജ്യത്തിനെ സേവിക്കുക എന്നതു മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും നിസ്വാർത്ഥ സേവനങ്ങൾ കാഴ്ച വയ്‌ക്കുന്നവരെ ജനങ്ങൾക്കാവശ്യമാണെന്നും പദ്മജ കൂട്ടിച്ചേർത്തു.