ന്യൂഡൽഹി: കളിപ്പാട്ട നിർമാണ വ്യവസായത്തിൽ ഇന്ത്യയെ ഒന്നാമതെത്തിക്കുമെന്ന് ബിജെപി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയായ സങ്കൽപ് പത്രയിലാണ് ബിജെപി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള കളിപ്പാട്ട നിർമാണ മേഖലയിൽ ഭാരതം മുൻനിരയിലെത്തും. കളിപ്പാട്ടങ്ങളുടെ ഗ്ലോബൽ ഹബ്ബായി ഭാരതം മാറും. സമ്പന്നമായ ഭാരതീയ പൈതൃകത്തെ ഉപയോഗിച്ചുകൊണ്ട് ഭാരതത്തിലെ വിദഗ്ധരായ തൊഴിലാളികൾ ഇന്നോവേറ്റീവായതും ഉയർന്ന ഗുണനിലവാരമുള്ളതുമായ കളിപ്പാട്ടങ്ങൾ ലോകത്തിന് മുന്നിലേക്ക് എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കഴിഞ്ഞ ഏതാനും വർഷങ്ങളായി അസാധ്യ വളർച്ചയാണ് കളിപ്പാട്ട നിർമാണ മേഖലയിൽ ഇന്ത്യ രേഖപ്പെടുത്തിയത്. കളിപ്പാട്ടങ്ങളുടെ ഇറക്കുമതി വൻ തോതിൽ ഇടിയുകയും അതേസമയം കയറ്റുമതി കൂടുകയുമാണ് ചെയ്തിരിക്കുന്നത്. തദ്ദേശീയ കളിപ്പാട്ട നിർമാണം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സ്വീകരിച്ച നയങ്ങളെല്ലാം വിജയം കണ്ടുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 2014-15 മുതൽ 2022-23 വരെയുള്ള കാലയളവിൽ കളിപ്പാട്ടങ്ങളുടെ ഇറക്കുമതി 52 ശതമാനം കുറഞ്ഞിട്ടുണ്ട്. അതേസമയം കയറ്റുമതി 239 ശതമാനം വർദ്ധിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രാദേശിക കളിപ്പാട്ട ഉത്പാദകർ ആഗോളതലത്തിലെ വ്യവസായികളുമായാണ് മത്സരിക്കുന്നതെന്നാണ് ഇത് വ്യക്തമാക്കുന്നത്.















