2024 ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രകടന പത്രികയായ സങ്കല്‍പ് പത്രയിലൂടെ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ നടത്തി ബിജെപി. രാജ്യത്തിന്റെ എല്ലാ കോണുകളിലും വന്ദേഭാരത് ട്രെയിനുകളുടെ സര്‍വീസ് എത്തിക്കാനാണ് ശ്രമമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. കൂടാതെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.
വന്ദേ ഭാരതിന്റെ മൂന്ന് പതിപ്പുകളാകും രാജ്യത്ത് സര്‍വീസ് നടത്തുക. വന്ദേ ഭാരത് സ്ലീപ്പര്‍, വന്ദേ ഭാരത് ചെയര്‍കാര്‍, വന്ദേഭാരത് മെട്രോ എന്നീ ട്രെയിനുകള്‍ രാജ്യത്തെ വിവിധ കോണുകളിലേക്കെത്തിക്കും. നിലവില്‍ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്.ഇതിന് സമാനമായ രീതിയില്‍ ഉത്തരേന്ത്യയിലും ദക്ഷിണേന്ത്യയിലും വടക്കുകിഴക്കന്‍ ഇന്ത്യയിലും ബുള്ളറ്റ് ട്രെയിനുകള്‍ എത്തിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചു.
കൂടാതെ അഴിമതിക്കാരായ നേതാക്കള്‍ക്കെതിരെ പോരാട്ടം തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഇന്ന് രാജ്യത്തെ ഏതൊരു പൗരനും അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനാകുന്നുണ്ട്. അഴിമതി നടത്തിയവരെ ജയിലിലെത്തിക്കുമെന്നും രാജ്യത്തെ കൂടുതല്‍ പുരോഗതിയില്‍ എത്തിക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാക്യത്തില്‍ ഉറച്ചു നിന്നുകൊണ്ട് മുന്നോട്ട് നീങ്ങുമെന്നും രാജ്യത്ത് യൂണിഫോം സിവില്‍ കോഡ് ഉള്‍പ്പെടെ യാഥാര്‍ത്ഥ്യമാക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.















