ബാറ്റിംഗിലെയും ബൗളിംഗിലെയും വെടിക്കെട്ട് പ്രകടനം കൊൽക്കത്തയെ നയിച്ചത് സീസണിലെ നാലാം ജയത്തിലേക്ക്. 26 പന്ത് ബാക്കിനിൽക്കെയായിരുന്നു ലക്‌നൗവിനെതിരെ ശ്രേയസ് അയ്യരുടെയും സംഘത്തിന്റെയും അനായാസ ജയം. ലക്‌നൗ ഉയർത്തിയ 161 റൺസ് വിജയ ലക്ഷ്യം 15.4 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത മറികടന്നു. സീസണിലെ നാലാം ജയത്തോടെ കൊൽക്കത്തയ്‌ക്ക് എട്ട് പോയിന്റായി. ഫിൽ സാൾട്ടും ശ്രേയസ് അയ്യരുമാണ് കൊൽക്കത്തയുടെ വിജയശിൽപികൾ.
മറുപടി ബാറ്റിംഗിനിറങ്ങിയ കൊൽക്കത്തയ്‌ക്ക് ഓപ്പണർമാരായ സുനിൽ നരെയ്‌നും ഫിൽ സാൾട്ടും ഭേദപ്പെട്ട തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 22 റൺസാണ് കൂട്ടിച്ചേർത്തത്. നരെയ്‌നെ പുറത്താക്കി(6) മൊഹ്സിൻ ഖാനാണ് ലക്‌നൗവിന് ആദ്യ പ്രഹരം നൽകിയത്.
കഴിഞ്ഞ മത്സരങ്ങളിൽ തകർത്തു കളിച്ച അംഗ്രിഷ് രഘുവൻഷി വൺഡൗണായി ക്രീസിലെത്തിയെങ്കിലും തിളങ്ങാനാവാതെ മടങ്ങി. മൊഹ്സിൻ ഖാനാണ് താരത്തെ പുറത്താക്കിയത്. പിന്നീട് ക്രീസിലൊന്നിച്ച് ശ്രേയസ് അയ്യരെ കൂട്ടുപ്പിടിച്ച് ഫിൽ സാൾട്ട് നടത്തിയ വെടിക്കെട്ട് പ്രകടനമാണ് കൊൽക്കത്തയ്‌ക്ക് ജയം സമ്മാനിച്ചത്. ഇരുവരും ചേർന്ന് 120 റൺസാണ് പുറത്താകാതെ കൊൽക്കത്തയ്‌ക്ക് വേണ്ടി നേടിയത്.