പട്ന: ജയിലിൽ കിടക്കുന്നവരും ബെയിൽ നേടി (ജാമ്യം കിട്ടി) പുറത്തുകിടക്കുന്നവരുമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ജയിലിൽ അയക്കുമെന്ന് പ്രസംഗങ്ങൾ നടത്തുന്നതെന്ന് രാജ്നാഥ് സിംഗ്. ആർജെഡി എംപിയും ലാലു പ്രസാദ് യാദവിന്റെ മകളുമായ മിഷാ ഭാരതിയുടെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ചില നേതാക്കൾ നവരാത്രി സമയത്ത് മാംസാഹാരം കഴിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് പ്രീണന രാഷ്‌ട്രീയം കളിക്കുകയാണെന്നും തേജസ്വി യാദവിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
നവരാത്രി സമയത്ത് നിങ്ങൾ മത്സ്യം കഴിക്കുന്നു. ഇതിലൂടെ എന്ത് സന്ദേശമാണ് നിങ്ങൾ നൽകാൻ ഉദ്ദേശിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടമുള്ളതെല്ലാം, നിങ്ങൾക്ക് കഴിക്കാം. മീനോ, പന്നിയോ, പ്രാവോ, ആനയോ കുതിരയോ എന്തും കഴിക്കാം. അതിന് ഷോയിറക്കുന്നത് എന്തിനാണ്. വോട്ടിന് വേണ്ടി മാത്രം ചെയ്യുന്നതാണിതെല്ലാം.. പ്രീണന രാഷ്‌ട്രീയമാണിത്. ഇങ്ങനെയൊരു വീഡിയോ പങ്കുവച്ചാൽ ഒരു പ്രത്യേക വിഭാഗക്കാരുടെ വോട്ട് ചാക്കിലാക്കാമെന്നാണ് നിങ്ങൾ കരുതുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. അടുത്തിടെ നവരാത്രി സമയത്ത് മീൻ പിച്ചിതിന്നുന്ന വീഡിയോ തേജസ്വി യാദവ് പങ്കുവച്ചിരുന്നു. നവരാത്രി സമയമായതിനാൽ ഇത് വളരെയധികം ചർച്ചയാവുകയും ചെയ്തു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജ്നാഥ് സിംഗിന്റെ പ്രതികരണം.