ദിവ്യാംഗരായിട്ടുള്ള ആളുകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്ന ആഗ്രഹത്തോടെയാണ് ജയ് ഗണേഷ് ചെയതതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സഹതാപത്തിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. വിഷു ദിനത്തിൽ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.
‘മാളികപ്പുറം സിനിമ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് രഞ്ജിത്ത് ശങ്കറിനെ കണ്ടത്. ജയ് ഗണേഷിന്റെ കഥ പറയുകയും ചെയ്തിരുന്നു. നല്ല സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകർ ഇനിയും സപ്പോർട്ട് തന്നാൽ മാത്രമേ, നല്ല സിനിമകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്പെഷ്യലി ഏബിൾഡായിട്ടുള്ളൊരു കഥാപാത്രമായിരുന്നു എനിക്ക്. പറയുമ്പോൾ തന്നെ ഒരുപാട് സ്ട്രെസ്സും തോന്നിയിരുന്നു.
സാധാരണ വീൽചെയറിൽ ഇരിക്കുന്ന ഒരാളെ കാണിക്കുമ്പോൾ വിഷമത്തിൽ ഇരിക്കുന്നത് ആകും കാണിക്കുന്നത്. പക്ഷെ, ഞാൻ ആഗ്രഹിച്ചത് ഒരു പോസിറ്റീവ് ആണ്. സിനിമ കാണുമ്പോൾ ജനങ്ങൾക്ക് ഒരു സഹതാപമല്ല തോന്നേണ്ടത്, അതിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തത്. ദിവ്യാംഗരായ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉള്ളതാണ്. എന്റെ കാഴ്ചപാട് മാറാൻ ഒരു സിനിമ ചെയ്യേണ്ടി വന്നു. ഇമോഷണലി എനിക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്ന കഥാപാത്രം കൂടിയാണിത്.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.