പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ടർബോ. ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് മമ്മൂട്ടി. ജൂൺ 13ന് ചിത്രം തിയേറ്ററുകളിൽ എത്തും. റിലീസ് ഡേറ്റ് പുറത്ത് വന്നതോടെ ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.
റിലീസ് ഡേറ്റിനൊപ്പം മമ്മൂട്ടിയുടെ അടിപൊളി ലുക്കിലെ പോസ്റ്ററും പങ്കുവച്ചിട്ടുണ്ട്. മമ്മൂട്ടിയും വൈശാഖും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ടർബോ. മാസ്- കോമഡി- ആക്ഷൻ ചിത്രത്തിൽ ടർബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് ടർബോയുടെ തിരക്കഥ ഒരുക്കുന്നത്.
ചിത്രത്തിൽ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്. തമിഴിൽ നിന്ന് അർജുൻ ദാസ്, തെലുങ്കിൽ നിന്ന് സുനിൽ, ഹിന്ദിയിൽ നിന്ന് കാബിർ ദുർഹാൻ സിംഗ്, കന്നടയിൽ നിന്ന് രാജ് ബി ഷെട്ടി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങളിൽ എത്തുന്നുണ്ട്.
മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ചിത്രത്തിന്റെ വിതരണാവകാശം ദുൽഖർ സൽമാന്റെ വേഫെറൽ ഫിലിംസിനും ഓവർസീസ് പാർട്നർ ട്രൂത്ത് ഗ്ലോബൽ ഫിലിംസിനുമാണ്. വിഷ്ണു ശർമ്മ- ഛായാഗ്രഹണം. ജസ്റ്റിൻ വർഗീസ് – സംഗീതം. എഡിറ്റർ- ഷമീർ മുഹമ്മദ്. സംഘട്ടനത്തിന് പ്രാധാന്യം ഏറെയുള്ള ചിത്രത്തിന്റെ ആക്ഷൻ കൊറിയോഗ്രഫി നിർവ്വഹിക്കുന്നത് ഫൊണിക്സ് പ്രഭു ആണ്.