ന്യൂഡൽഹി: ഇസ്രായേലും ഇറാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്കുള്ള സർവീസുകൾ താത്കാലികമായി നിർത്തിവച്ച് എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്കും, ടെൽ അവീവിൽ നിന്ന് ഡൽഹിയിയേക്കുമുള്ള വിമാനങ്ങൾ സർവീസ് നടത്തില്ലെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു.
ഡൽഹിയിൽ നിന്ന് ആഴ്ചയിൽ നാല് സർവീസുകളാണ് ഇസ്രായേലിലേക്കുള്ളത്. കഴിഞ്ഞ മാർച്ച് 3 നാണ് ടെൽ അവീവിലേക്ക് എയർ ഇന്ത്യ സർവീസ് പുനരാരംഭിച്ചത്. ഇസ്രായേൽ- ഹമാസ് സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ 7 മുതൽ എയർ ഇന്ത്യ ഇസ്രായേലിലേക്കുള്ള വിമാന സർവീസ് നിർത്തിവച്ചിരുന്നു.
ഇസ്രായേലിലെ എല്ലാ ഇന്ത്യൻ പൗരന്മാരോടും ജാഗ്രത പാലിക്കാനും, സുരക്ഷാ നിർദേശങ്ങൾ പാലിക്കാനും ഇന്ത്യൻ എംബസി നിർദേശം നൽകിയിട്ടുണ്ട്. സഹായത്തിനായി 24 മണിക്കൂറും ബന്ധപ്പെടാവുന്ന എമർജൻസി ഹെൽപ്പ്ലൈൻ നമ്പറും എംബസി പുറപ്പെടുവിച്ചിട്ടുണ്ട്. +972-547520711, +972-543278392 എന്നി നമ്പറുകളിലും cons1.telaviv@mea.gov.in എന്ന മെയിലിലും ഇന്ത്യക്കാർക്ക് എംബസിയുമായി ബന്ധപ്പെടാം. എംബസിയിൽ ഇനിയും രജിസ്റ്റർ ചെയ്യാത്ത ഇന്ത്യൻ പൗരന്മാർ ഉടൻ രജിസ്റ്റർ ചെയ്യണമെന്നും എംബസി നിർദേശം നൽകി.