ഷിംല : വീടിന് കുഴിയെടുക്കുന്നതിനിടെ കണ്ടെത്തിയത് ആറ് തലയുള്ള വിഗ്രഹം . ഹിമാചൽ പ്രദേശിലെ പട്‌ലികുലിന് സമീപമുള്ള ബഷ്‌കോല ഗ്രാമത്തിൽ നിന്നാണ് വർഷങ്ങൾ പഴക്കമുള്ള പുരാതന ശിലാവിഗ്രഹം കണ്ടെത്തിയത് .
ഷേർ സിംഗ് എന്നയാളുടേതാണ് ഭൂമി . വീട് പണിയുന്നതിനായി 20 അടി താഴ്ചയിൽ ഷേർ സിംഗിന്റെ ഭൂമി കുഴിച്ചിരുന്നു . വലിയ പാറയാണ് ആദ്യം കണ്ടത് . തൊഴിലാളികളെല്ലാം ചേർന്ന് പാറ പുറത്തെടുത്ത ശേഷം 5 അടി താഴ്‌ച്ചയിൽ വീണ്ടും കുഴിച്ചു . ഇതിനിടെയാണ് വിഗ്രഹം കണ്ടെത്തിയത് .
കൈയിൽ കുന്തം പിടിച്ച് നിൽക്കുന്ന നിലയിലുള്ളതാണ് വിഗ്രഹം . മണാലിയോട് ചേർന്നുള്ള സിംസ, ഖഖ്നാൽ ഗ്രാമങ്ങളിലെ ക്ഷേത്രങ്ങളിലെ ശ്രീമുരുക സ്വാമിയുടെ വിഗ്രഹങ്ങൾക്കും ആറ് തലകളുള്ളതിനാൽ മുരുക ഭഗവാന്റെ വിഗ്രഹമാണ് ഇത് എന്നാണ് സൂചന .
കുളുവിൽ നൂറുകണക്കിന് ക്ഷേത്രങ്ങളുണ്ട്, ഈ ക്ഷേത്രങ്ങൾക്ക് ചുറ്റും കുഴിക്കുമ്പോൾ ശില്പങ്ങളും പുരാവസ്തുക്കളും കണ്ടെത്താറുണ്ട്. ഇവിടെയുള്ള ചില ക്ഷേത്രങ്ങൾ മഹാഭാരതത്തിലെ വനവാസ കാലത്ത് പാണ്ഡവർ നിർമ്മിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്നു. കഴിഞ്ഞ വർഷം ഏപ്രിലിൽ, സംരക്ഷണഭിത്തി നിർമ്മാണത്തിനായി കുഴിക്കുന്നതിനിടെ ലഗ് താഴ്‌വരയിലെ ഭൽത്തി നാരായണ ക്ഷേത്രത്തിൽ നിന്ന് ഒരു പുരാതന വിഗ്രഹം കണ്ടെത്തി. . ഈ വിഗ്രഹം പതിനാറാം നൂറ്റാണ്ടിലേതാണ് എന്ന് കരുതപ്പെടുന്നു.
കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ കുളു പട്ടണത്തോട് ചേർന്നുള്ള ഖരാൽ താഴ്വരയിലെ ന്യൂലിയിലെ ജ്വാനി മഹാദേവന്റെ ക്ഷേത്രത്തിന്റെ പരിസരത്ത് മറ്റൊരു പുരാതന വിഗ്രഹവും കണ്ടെത്തി.