മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിയിലേക്ക് വെടിയുതിർത്ത സംഭവത്തിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയ് സംഘമാണെന്ന് മുംബൈ പൊലീസ്. രാജസ്ഥാനിലെ ബിഷ്ണോയിയുടെ സംഘത്തെ നയിക്കുന്ന രോഹിത് ഗോദരയാണ് ആക്രമണത്തിന് പിന്നിലെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇയാളുടെ സംഘത്തിൽ ഉൾപ്പെട്ട വിശാലും(കാലു) തിരിച്ചറിയാത്ത ഒരാളും ചേർന്നാണ് വെടിവച്ചതെന്നും പൊലീസിന് വിവരം ലഭിച്ചു. എന്നാൽ സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ പ്രതികളെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.
പ്രതികൾ ഉപയോഗിച്ചിരുന്ന ബൈക്ക് കണ്ടെടുത്ത പൊലീസ്, ഇന്നലെ തന്നെ ഇവരുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബാന്ദ്രയിലെ താരത്തിന്റെ വസതിയായ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് നേരെ ഇന്നലെ പുലർച്ചെ 4.55 ഓടെയായിരുന്നു വെടിവയ്പ്പുണ്ടായത്. ബൈക്കിലെത്തിയ അക്രമികൾ മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ താരത്തിന്റെ വസതിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സംഭവം നടക്കുമ്പോൾ സൽമാൻ ഖാൻ വീട്ടിൽ ഉണ്ടായിരുന്നുവെന്ന് മുംബൈ പൊലീസ് അറിയിച്ചു. നിലവിൽ വൈ പ്ലസ് കാറ്റഗറി സുരക്ഷ ലഭിക്കുന്ന വ്യക്തിയാണ് സൽമാൻ ഖാൻ.















