തിരുവനന്തപുരം: ബിജെപിയുടെ പ്രകടന പത്രികയാണ് മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വരാനിരിക്കുന്ന അഞ്ചുവർഷത്തിനുള്ളിൽ ഭാരതം ലോകത്തിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാകുമെന്നും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള നാടായി ഇന്ത്യ മാറുമെന്നുമാണ് മോദിയുടെ ഗ്യാരന്റിയെന്ന് പ്രധാനമന്ത്രി ഉറപ്പുനൽകി. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയുടെ തുക കർഷകർക്ക് ലഭിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണ്. ബഹിരാകാശത്തേക്ക് ഭാരതീയനെ എത്തിക്കുമെന്നത് മോദിയുടെ ഗ്യാരന്റിയാണെന്നും അദ്ദേഹം പറഞ്ഞു. കാട്ടാക്കടയിൽ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിലെത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അടുത്ത ഏതാനും വർഷത്തിനുള്ളിൽ റെയിൽവേ രംഗത്ത് വൻ കുതിച്ചുചാട്ടമുണ്ടാകും. വന്ദേ ഭാരത് സ്ലീപ്പർ, ചെയർ കാർ, മെട്രോ ഇവയെല്ലാം ഭാരതം വികസനത്തിലേക്ക് കുതിക്കുന്നതിന്റെ അടയാളങ്ങളാകും. ദക്ഷിണ ഭാരതത്തിലേക്ക് ബുള്ളറ്റ് ട്രെയിൻ എത്തും. കേരളത്തിന്റെ വികസനത്തിനായി വിശദമായ റോഡ്-മാപ്പ് ആണ് ബിജെപി മുന്നോട്ടുവയ്‌ക്കുന്നത്. ടൂറിസം രംഗത്ത് സമഗ്ര വികസനമാണ് ബിജെപിയുടെ ലക്ഷ്യം.
കേരളത്തിൽ ഇക്കോ ടൂറിസം സെന്ററിന്റെ കേന്ദ്രങ്ങൾ സ്ഥാപിക്കും. ഹോംസ്റ്റേകൾ നിർമ്മിക്കാൻ വനിതകൾക്ക് സാമ്പത്തിക സഹായം നൽകും. അത്തരത്തിലുള്ള വരുമാനം വനവാസികൾക്കായിരിക്കും ഏറ്റവുമധികം ഗുണം ചെയ്യുക. എൽഡിഎഫും യുഡിഎഫും കണ്ടില്ലെന്നു നടിച്ചവരെ ബിജെപി ചേർത്ത് പിടിക്കും. ധീവരജനതയുടെ സംരക്ഷണത്തിനായി ബിജെപി പ്രതിജ്ഞാബദ്ധരാണ്. കേരളത്തിലെ മീൻപിടുത്തക്കാർക്ക് ബിജെപിയുടെ ക്ഷേമപദ്ധതികൾ ഏറെ പ്രയോജനം ചെയ്യും. മത്സ്യത്തൊഴിലാളികളുടെ അന്തസുയർത്തിപ്പിടിക്കുന്നതിന് നടപടികൾ സ്വീകരിക്കും.
കേന്ദ്രസർക്കാരിന്റെ നേട്ടങ്ങൾ പോക്കറ്റിലാക്കി ക്രെഡിറ്റ് എടുക്കുക മാത്രമാണ് സംസ്ഥാന സർക്കാർ ചെയ്യുന്നത്. കോൺഗ്രസും എൽഡിഎഫും വിശ്വസിക്കാൻ കൊള്ളാത്തവരാണെന്ന് തെളിയിച്ചു. ഇരുകക്ഷികളുടെയും രാഷ്‌ട്രീയത്തിന് വിശ്വാസ്യത നഷ്ടപ്പെട്ടുകഴിഞ്ഞു. കേരളത്തിൽ ഇരുവരും ഏറ്റുമുട്ടുന്നു. ഇതേ ആൾക്കാർ ഡൽഹിയിൽ കൂട്ടുകൂടാൻ യോഗം നടത്തുന്നു. ഇവിടെ ശത്രുക്കളായ കോൺഗ്രസും ഇടതുമുന്നണിയും ഡൽഹിയിൽ കെട്ടിപ്പിടിക്കുകയും തിരുനെൽവേലിയിൽ ഏറ്റുമുട്ടുകയും ചെയ്യുന്നു.
കേരളത്തിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. ജനങ്ങൾക്ക് ആവശ്യത്തിന് കുടിവെള്ളം ലഭിക്കുന്നില്ല. ഇതിന്റെ ഉത്തരവാദിത്വം ആർക്കാണ്? കേരളത്തിലെ കയർ വ്യവസായം തകരാൻ കാരണമെന്താണ്? ഇടതുമുന്നണിയും കോൺഗ്രസും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. കോൺഗ്രസിനെയും ഇടതിനെയും രാജ്യം തള്ളിക്കളഞ്ഞതാണ്. അഴിമതിയും വികസന വിരുദ്ധതയുമാണ് ഇരുകക്ഷികളുടെയും മുഖമുദ്ര. കേരളത്തിൽ രാഷ്‌ട്രീയ കൊലപാതകവും സ്ത്രീകൾക്കെതിരായ അതിക്രമവും വർദ്ധിച്ചു വരികയാണ്. സ്വർണക്കടത്തുകാർക്ക് സംരക്ഷണം നൽകിയെന്ന ആരോപണം നേരിടുന്നവരാണ് കേരളം ഭരിക്കുന്നത്. കുറ്റക്കാരെ രക്ഷിക്കാൻ കൂട്ടുനിൽക്കുന്ന സർക്കാരാണ് കേരളത്തിലുള്ളതെന്നും നരേന്ദ്രമോദി വിമർശിച്ചു.















